കല്ലമ്പലം : കപ്പാംവിളയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. നാവായിക്കുളം പാരഡൈസിൽ ശശിധരൻ (52), ഡീസന്റ്മുക്ക് കർക്കിടകവിള വീട്ടിൽ നാസർ (43), കർക്കിടകവിള വീട്ടിൽ ജലാലുദ്ദീൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിലവിളിയും ശബ്ദവും കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോയ്ക്കടിയിലും പുറത്തുമായി പരിക്കേറ്റു കിടന്നവരെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ശശിധരനെയും നാസറിനെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്പ് ഓട്ടോയിൽ നിന്നിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശികളായ ബാബു, രാധാകൃഷ്ണൻ എന്നിവർ രക്ഷപ്പെട്ടെങ്കിലും കൺമുന്നിൽ നടന്ന അപകടത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. മരച്ചീനിയുമായി പോകുകയായിരുന്ന ഓട്ടോ സമീപത്തെ കടയിൽ മരച്ചീനിയിറക്കാൻ തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. സമീപത്തു നിന്നിരുന്ന നാസർ ഓട്ടോയിൽ നിന്നിറങ്ങി ഓട്ടോ പിടിച്ചു നിറുത്താൻ ശ്രമിക്കവെ ഓട്ടോയ്‌ക്കൊപ്പം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ശശിധരൻ ഓട്ടോയ്ക്കുള്ളിലായിരുന്നു. ജലാലുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നത്.