attukal

തിരുവനന്തപുരം: നീണ്ട 15 കൊല്ലം.. ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ ഇടത്തുതന്നെ ഇപ്പോഴും. ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. ഇത്രയും വർഷങ്ങൾക്കിടയ്ക്ക് പ്രഖ്യാപനങ്ങൾ പലതും മാറിമാറി വന്നു. കുറേ പണവും അനുവദിച്ചു, യോഗങ്ങൾ പലത് നടത്തി, പദ്ധതി രേഖകളും തയാറാക്കി. പക്ഷേ, അത്രയൊക്കെതന്നെ. ഇതുവരെ കാര്യമായ ഒരനക്കവും ഉണ്ടായിട്ടില്ല. മറ്റു പല പദ്ധതികളേയുംപോലും ഇതും അകാലചരമമടയുമോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ. ലക്ഷക്കണക്കിന് ഭക്തർ വരുന്ന ആറ്രുകാലിൽ തീർത്ഥാടകരുടെ സൗകര്യത്തിനായി ഉപകേന്ദ്രങ്ങളും ഗതാഗത സൗകര്യവും ഷോപ്പിംഗ് കോംപ്ലക്സുകളും പദ്ധതിയിലുണ്ടായിരുന്നു. 250 കോടി രൂപയുടെ പദ്ധതിയെക്കുറിച്ചാലോചിച്ച് പത്ത് വർഷം കഴി‌ഞ്ഞ് 2016 ജനുവരിയിലാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ കരട് പദ്ധതി രേഖ തയ്യാറാക്കി ട്രിഡയ്ക്ക് സമപ്പിച്ചത്. നഗരത്തിലെ 29 വാർഡുകളാണ് വികസന പദ്ധതിയിലുള്ളത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.


ഒന്നാംഘട്ടം

അമ്പലത്തിന്റെ ചുറ്റുവട്ടത്തുള്ള 50 ഏക്കർ സ്ഥലത്താണ് ഒന്നാം ഘട്ട വികസനം. ഇവിടെ പിൽഗ്രിം സബ് സെന്റർ , പാർക്കിംഗ് ഏരിയ, മെഡിക്കൽ സെന്റർ, ഷോപ്പിംഗ് കോംപ്ലക്സ്, ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. അതോടൊപ്പം ടൗൺഷിപ്പിന് മാത്രമായി സിവേറജ് ട്രീറ്ര്‌‌മെന്റ് പ്ലാന്റുകളും സ്ഥാപിക്കും, ഉദ്യാനങ്ങളും നിർമ്മിക്കും. ആറ്രുകാലുമായി ബന്ധപ്പെട്ട പ്രധാന റോഡുകൾ വീതികൂട്ടലും പദ്ധതിയിലുണ്ടായിരുന്നു.

രണ്ടാം ഘട്ടം

ആറ്റുകാൽ ക്ഷേത്രപരിസരത്തിന് ചുറ്റുമായി ഏകദേശം 480 ഏക്കർ സ്ഥലമാണ് സമഗ്ര ആസൂത്രിത നഗര പ്രദേശമാക്കി മാറ്റാനുള്ള രണ്ടാം മേഖല. (കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- കളിപ്പാൻകുളം -ചിറമുക്ക്, ചിറമുക്ക്-കാലടി- കിള്ളിയാർ എന്നീ പ്രദേശങ്ങളാണ് ഇതിൽ).

മൂന്നാം ഘട്ടം

29 വാർഡുകളെയും മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ് പദ്ധതി. വാർഡ് തലത്തിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികളും നഗര വികസനമായി ബന്ധപ്പെടുന്ന വാർഡുകളിലെ പ്രധാന വികസന പദ്ധതികളും ഈ ഘട്ടത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ചത്.


പദ്ധതിയിലെ 29 വാർഡുകൾ

1-വലിയശാല

2-വഴുതയ്ക്കാട്

3-തൈയ്കാട്

4-കരമന

5-ജഗതി

,6- ആറന്നൂർ

7-നേമം

8- പാപ്പനംകോട്

9-നെടുങ്കാട്

10-കാലടി

11-മേലാംകോട്

12-തിരുവല്ലം

13-കമലേശ്വരം,

14-അമ്പലത്തറ

15-കളിപ്പാകുളം

16-ആറ്റുകാൽ

17-മണക്കാട്

18-ചാല

19-കുര്യാത്തി

20-മാണിക്യവിളാകം

21-മുട്ടത്തറ

22-ശ്രീവരാഹം

23-ഫോർട്ട്

24-ശ്രീകണ്‌ഠേശ്വരം

25-വഞ്ചിയൂർ

26-തമ്പാനൂർ

27-പെരുന്താന്നി

28ചാക്ക

29-പാൽക്കുളങ്ങര

ഭൂമി ഒരു പ്രശ്നം

വികസനം വേണമെങ്കിലും റോ‌ഡ് വേണമെങ്കിലും ഭൂമി വേണം. ഭൂമിയേറ്റെടുക്കുന്നതിന് 2013ലെ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ 500 കോടിരൂപയെങ്കിലുംകെട്ടിവച്ചാലെ ഭൂമിയേറ്റെടുക്കാനാകൂ എന്ന സ്ഥിതിയായി. ഭൂമി കണ്ടെത്തൽ തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രതികൂല ഘടകം.പൊങ്കാല സമയത്ത് ഒരു അപകടം ഉണ്ടായാൽ അവരെ പുറത്തെത്തിക്കാൻ കൃത്യമായ ഒരു റോഡുപോലും ഇല്ല. മണക്കാട്-ചിറമുക്ക്, മണക്കാട്- കൊഞ്ചിറവിള, ചിറമുക്ക് - അമ്പലത്തറ റോഡുകളുടെ വീതി കൂട്ടാമെന്ന് നിയമസഭയിൽ 2016ൽ സ്ഥലം എം.എൽ.എ ഒ.രാജഗോപാലിന് അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്.

''

സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒരുമിച്ചാൽ മാത്രമേ ഈ പദ്ധതി നടത്താനാവൂ. അതിനുള്ള ഇച്ഛാ ശക്തി സർക്കാർ കാണിക്കണം.

ഒ.രാജഗോപാൽ എം.എൽ.എ

''

ഞാൻ നൽകിയ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പണം അനുവദിച്ചത്. വിചാരിച്ചാൽ സ്ഥലമേറ്റെടുപ്പ് പ്രശ്നമാകില്ല. ഇനി ഈ സർക്കാരിന്റെ കാലത്ത് പദ്ധതി നടക്കുമെന്നു തോന്നുന്നില്ല.

വി.ശിവൻകുട്ടി മുൻ എം.എൽ.എ