പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ പൂർണകുംഭമേള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. ആശ്രമത്തിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ഇന്നലെ ആശ്രമ കുംഭം നിറച്ചതോടെ കുംഭമേള ചടങ്ങുകൾക്ക് തുടക്കമായി. ഇന്ന് വൈകിട്ട് 6 ന് സ്പിരിച്ച്വൽ സോണിൽ മാത്രമായി കുംഭ പ്രദക്ഷിണംനടക്കും. ശാന്തിഗിരി ആശ്രമത്തിന് കീഴിൽ വരുന്ന ഇന്ത്യയിലെ എല്ലാ ആശ്രമ ബ്രാഞ്ചുകളിലും കുംഭ പ്രദക്ഷിണം നടക്കും. പൂർണകുംഭമേളയോടനുബന്ധിച്ച് പരമ്പരയിൽ പത്ത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളാണ് നടന്നുവരുന്നത്. ശാന്തിഗിരി ബ്രഹ്മ കല്പിതമായി ലഭിച്ച ആഘോഷമായ പൂർണകുംഭമേള പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ കുംഭങ്ങൾ ശിരസിലേറ്റി ആശ്രമാങ്കണം പ്രദക്ഷിണം ചെയുന്നരീതിയാണ്. മൺകുടത്തിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ തീർത്ഥം നിറച്ച് പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച് ത്യാഗ ജീവിതത്തിന്റെ പ്രതീകമായ പീതവസ്ത്രത്തിൽ ബന്ധിച്ചാണ് കുംഭങ്ങൾ തയാറാക്കുന്നത്.