തിരുവനന്തപുരം: കൊച്ചിയിൽ എൻ.ഐ.എ മൂന്ന് അൽ ക്വ ഇദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനം ഭരിച്ച ഇരുമുന്നണികളുടെയും മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയതെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് നിർജ്ജീവമാണ്. സംസ്ഥാനം ഐസിസിന്റെ ശക്തമായ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ വച്ച റിപ്പോർട്ടും സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. പൊലീസ് സേനയിൽ തീവ്രവാദികളെ സഹായിക്കാനായി പച്ചവെളിച്ചം എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകൾക്ക് ഇ-മെയിൽ ചോർത്തിയതിന് സസ്പെൻഷനിലായ എസ്.ഐയെ ഈ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. മുൻ സിമി പ്രവർത്തകനായ ജലീലിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയ ഇടതുപക്ഷം മുസ്ലിങ്ങൾക്ക് പോലും താത്പര്യമില്ലാത്ത വിഷയത്തിൽ അവരെ പ്രീണിപ്പിക്കുകയാണ്. ജലീലും പിണറായി സർക്കാരും രാജിവയ്ക്കും വരെ പാർട്ടി സമരം തുടരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.