malayinkil

മലയിൻകീഴ്: ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു.വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ,മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വിളപ്പിൽശാല-ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡ് അപകട കെണിയായിട്ട് കാലമേറെയായി.വിളപ്പിൽശാല നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായിട്ടുണ്ട്. പേയാട്-ചീലപ്പാറ,വടക്കേ ജംഗ്ഷൻ-വിളയിൽ ദേവീക്ഷേത്രം,നെടുങ്കുഴി-പരുത്തംപാറ,പ്ലാവിള-മലപ്പനംകോട്,പേയാട്-ഭജനമഠം,കാവുവിള-മലപ്പനംകോട് എന്നീ റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല.വിഴവൂർ-പൊറ്റയിൽ,കല്ലുപാലം-വേങ്കൂർ,കുന്നിൽവിള-പനങ്കുഴി,പ്ലാത്തറത്തല-പഴവൂട്ടുനട ക്ഷേത്രം, പുതുവീട്ട്മേലെ-കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. മലയിൻകീഴ് ശാന്തിനഗർ-മണപ്പുറം,മേപ്പൂക്കട-കുഴയ്ക്കാട്,മലയിൻകീഴ്-ശ്രീകൃഷ്ണപുരം,ഇരട്ടക്കലുങ്ക്-പുത്തൻവിള എന്നീ മലയിൻകീഴ് പഞ്ചായത്തിലെ റോഡുകളും തകർന്ന് വൻ കുഴികൾ രൂപപ്പെട്ട് ദുരവസ്ഥയിലാണ്. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്കറോഡും.

ബസ് സർവീസും മുടങ്ങുന്നു

മേപ്പൂക്കട-കുഴയ്ക്കാട് ബസ് സർവീസ് ചില ദിവസങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് സർവീസ് മുടങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മലയിൻകീഴ്-ശ്രീകൃഷ്ണപുരം മഞ്ചാടി വിളപ്പിൽശാല സർക്കുലർ ബസ് നിറുത്തലാക്കിയിട്ട് വർഷങ്ങളായി. പ്രദേശത്തുള്ളവരുടെ പ്രധാന ആശ്രയമായിരുന്ന ബസ് നിറുത്തലാക്കാൻ കാരണം റോഡിന്റെ ശോചനീയാവസ്ഥ തന്നെ. തൂങ്ങാംപാറ-കിള്ളി,പുന്നാവൂർ-അറ്റത്തുകോണം,വണ്ടനൂർ-കുക്കുറുണി എന്നീ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് റോഡുകളും തകർന്ന് കിടക്കുകയാണ്.സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നു കടന്നുപോകുന്നത് തന്നെ ജീവൻ പണയപ്പെടുത്തിയാണ്.

പഞ്ചായത്തിന് ഫണ്ടില്ല

റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും നിരവധി പ്രാവശ്യം സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടെന്നാണ് മറുപടി.പഞ്ചായത്തുകൾ കൃത്യതയോടെ അറ്റകുറ്റ പണികളെങ്കിലും ചെയ്തിരുന്നെങ്കിൽ അപകട സാദ്ധ്യത കുറയ്ക്കാമായിരുന്നു. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.