മലയാള സിനിമയിലെ വനിതാ താരങ്ങളുടെ വസ്ത്രധാരണം എപ്പോഴും ചർച്ചചെയ്യപ്പെടുകയും ഇത് വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടി അനശ്വര രാജൻ മോഡേൺ ലുക്കിൽ എത്തിയതോടെയാണ് വസ്ത്രധാരണത്തിനെതിരെ വീണ്ടും സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. ഇതിൽ പ്രതികരണവുമായി താരം എത്തുകയും നിരവധിപേർ താരത്തെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. കാലുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് ഇപ്പോൾ ഇരയായിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മക്കളാണ്. ഇന്ദ്രജിത്തും മക്കളും നിൽക്കുന്ന ചിത്രത്തിനു നേരെയാണ് സദാചാര ആക്രമണം. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിമർശനം. എന്നാൽ കമന്റുകൾക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് മകൾ പ്രാർത്ഥന. "മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികൾ പോസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അതേ വേഷത്തിൽ ഒറ്റയ്ക്കുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചാണ് പ്രാർത്ഥന രംഗത്തുവന്നത്. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാർത്ഥന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേനേടുന്നത്. "ഇങ്ങനെയുള്ള വസ്ത്രം ധരിക്കാൻ ഉളുപ്പുണ്ടോ..." എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു പ്രാർത്ഥന നൽകിയത്. താരത്തെ പിന്തുണച്ച് ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേർ എത്തിയിട്ടുണ്ട്.