തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെ ശാക്തീകരിക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ പുതിയ ട്രോമാകെയർ സംവിധാനത്തിന്റെയും എമർജൻസി മെഡിസിൻ വിഭാഗത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌ട്രോക്ക് കാത്ത് ലാബ് ഉൾപ്പെടെയുള്ള നൂതന സൗകര്യങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്‌തു. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എ. റംല ബീവി,​ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്, എസ്.എ.ടി സൂപ്രണ്ട് ഡോ.എ. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.