t

ചീഫ് എൻജിനീയർ കെ. പി. പുരുഷോത്തമൻ കണ്ണൂർ സ്വദേശി

തിരുവനന്തപുരം: ഹിമാചലിലെ മണാലിയിൽ നിന്ന് ലഡാക്കിലേക്ക് അതീവ ദുർഘടമായ ഹിമാലയൻ മലനിരകൾ തുരന്ന് നിർമ്മിച്ച അടൽ ടണൽ പൂർത്തിയാക്കിയ ദൗത്യത്തിന്റെ അമരക്കാരൻ മലയാളി - ചീഫ് എൻജിനിയർ കെ.പി.പുരുഷോത്തമൻ. കണ്ണൂർ മുണ്ടേരി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റായ ഏച്ചൂർ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ ഇദ്ദേഹം

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ചീഫ് എൻജിനിയറാണ് .

ഹിമാചലിലെ കുളു, ലാഹോൾ ജില്ലകളിൽ ഭൂനിരപ്പിൽ നിന്ന് രണ്ടായിരം മീറ്റർ താഴെക്കൂടിയാണ് 9.02 കിലോമീറ്റർ നീളമുള്ള പാത പോകുന്നത്. 600 മീറ്റർ ദൂരം കല്ലുകൾ ഇളകി വീഴുന്ന ഷിയർ സോൺ ആയിരുന്നു. രണ്ടര കിലോമീറ്ററോളം അപകട മേഖലയാണ്. മുകളിലൂടെ നദിയും പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ തുരങ്ക നിർമ്മാണം ഉപേക്ഷിക്കുകയാണ് പതിവ്.പക്ഷേ, വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു തീരുമാനം.

2010ൽ നിർമ്മാണം തുടങ്ങി. 2016 ഏപ്രിൽ വരെ കടുത്ത വെല്ലുവിളികളായിരുന്നു. പക്ഷേ, സാധാരണ സംഭവിക്കാറുള്ള അപകടങ്ങൾ ഉണ്ടായില്ല.- പുരുഷോത്തമൻ പറഞ്ഞു.

പത്തു വർഷം വേണ്ടിവന്നു പൂർത്തിയാക്കാൻ.

രാജ്യത്തെ ഏറ്റവും നീളമുള്ള പർവത തുരങ്കപാത ന്യൂ ഓസ്ട്രിയൻ ടണലിംഗ് നിർമ്മാണ രീതിയിലാണ് പൂർത്തിയാക്കിയത്.
രക്ഷാമാർഗമായ എസ്കേപ് ടണൽ തുരങ്കത്തിന്റെ അടിയിലൂടെയാണ്. അവിടേക്ക് അഞ്ഞൂറു മീറ്റർ ഇടവിട്ട് എമർജൻസി കവാടകങ്ങളുണ്ട്. അപകടമുണ്ടായാൽ വാതിലുകളും വെന്റലേഷനുകളും ഓട്ടോമാറ്റിക്കായി തുറക്കും - അദ്ദേഹം വിശദീകരിച്ചു

എച്ചൂരിലെ കുന്നിപറമ്പിൽ വീട്ടിൽ കെ.പി.പുരുഷോത്തമൻ എജിനിയറിംഗ് ബിരുദശേഷം 1987ലാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ചേർന്നത്. അസി എക്സിക്യൂട്ടീവ് എൻജിനിയറായി ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു ആദ്യ നിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറാം, ജമ്മു കാശ്‌മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.

ഭാര്യ തലശേരി സ്വദേശി സിന്ധു. മകൻ വരുൺ എം.ബി.ബി.എസ് കഴിഞ്ഞ് പി.ജിക്ക് പഠിക്കുന്നു. മകൾ യുവിക എൻജിനിയറിംഗ് കഴിഞ്ഞ് ഉപരിപഠനത്തിന് അമേരിക്കയിലാണ്.

''ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള ലക്ഷ്യമാണ് നേടിയത്. ദിവസം മൂവായിരം ജീവനക്കാർ 10 വർഷം ജോലി ചെയ്തു. എൻജിനിയർമാരും സൂപ്പർവൈസർമാരുമായി 760 പേരുണ്ടായിരുന്നു. മൈനസ് 30 ഡിഗ്രി തണുപ്പിലും നിർമ്മാണം മുടക്കിയില്ല.''

- കെ.പി.പുരുഷോത്തമൻ