arrest

ഒറ്റപ്പാലം: വീട്ടിൽ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ചുനങ്ങാട് കയ്യാലിൽ വീട്ടിൽ യൂസഫ് എന്ന പോത്ത് യൂസഫിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലായിലാണ് നെല്ലിക്കുറിശി സുധീറിന്റെ വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും ഇലക്ട്രോണിക് ത്രാസും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.മുഖ്യപ്രതി സുധീറിനെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തി വരവെയാണ് കോതകുറുശി, പത്തംകുളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യൂസഫിനെ ഇന്നലെ ഉച്ചയ്ക്ക് പിടികൂടിയത്. പോത്തുകച്ചവടത്തിന്റെ മറവിൽ ആന്ധ്രയിൽ നിന്ന് ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്.

ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു പ്രതികൾ. കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലെ കച്ചവടക്കാർക്കും ഇവർ എത്തിച്ച് കൊടുത്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.സി.ഐ എം.സുജിത്ത്, പ്രൊബേഷണറി എസ്.ഐ യാസിർ, എസ്.സി.പി.ഒ ഉദയൻ, സ്‌ക്വാഡംഗങ്ങളായ എസ്.ജലീൽ, ടി.ആർ.സുനിൽകുമാർ, ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.രാജീദ്, എസ്.ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.