പാലോട്: അശാസ്ത്രീയമായ റോഡ് നിർമാണവും അതേ തുടർന്നുള്ള ഓട നിർമാണവും ഒരു നാടിനെ ദുരിതത്തിലാക്കി. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പാലോട് കുന്നുംപുറം ബൈറോഡ് സന്ധിക്കുന്ന ഭാഗം മുതൽ സഹകരണ ബാങ്കിന് മുൻവശം വരെയുള്ള യാത്രമാണ് ദുരിതമായിരിക്കുന്നത്. കൈയേറ്റഭൂമി ഒഴിപ്പിക്കാതെയും അശാസ്ത്രീയവുമായ റോഡ് നിർമാണം ഈ ഭാഗങ്ങളിലെ കാൽനടയാത്ര പോലും ദുരിതത്തിലാക്കിയിരിക്കുകയാണ്. കൈയേറ്റസ്ഥലം ഒഴിപ്പിക്കുന്നതിന് പകരം റോഡിന്റെ അലൈയ്മെന്റ് വളച്ചൊടിക്കാനാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരന്റെ ശ്രമമെന്നാണ് നാട്ടുകാരുടെ പരാതി. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ പിഴവാണ് എന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സാധാരണക്കാരുടെ വീടിന്റെ ഉമ്മറം റോഡ് നിർമാണത്തിനായി പൊളിച്ച് മാറ്റേണ്ടി വന്നപ്പോഴും സമ്പന്നരായ കൈയേറ്റക്കാരുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ തൊടാൻ പോലും ധൈര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭാഗത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. പുറമ്പോക്ക് നിർണയത്തിലെ അപാകതകൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അശാസ്ത്രീയമായ റോഡ് നിർമാണം തുടർന്നാൽ ശക്തമായ സമരം ആരംഭിക്കുമെന്നും നാട്ടുകാർ അറിയിച്ചു.