arrest-pkd

ശ്രീകൃഷ്ണപുരം: ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി അമ്പലപ്പാറ പിലാത്തറ കുന്നത്ത് മുഹമ്മദ് നിയാസ് അലി (23), വരോട് കോലോത്തുപറമ്പ് മുഹമ്മദ് ഫവാസ് (23) എന്നിവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദത്ത് വില്പനയ്ക്കായി പോവുമ്പോൾ തണ്ണീരംകാട് വെച്ചാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു. ഒരു കിലോ കഞ്ചാവ് 40000 രൂപയ്ക്കാണ് ചില്ലറ വില്പന നടത്തുന്നത്. ചെർപ്പുളശേരിയിൽ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫവാസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.ആന്ധ്രയിൽ നിന്ന് ചരക്കു വാഹനങ്ങളിൽ മൊത്തമായി കൊണ്ടുവന്ന് ഒറ്റപ്പാലം, ആലത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ ചില്ലറ വില്പന നടത്തുകയാണ് ഇവരുടെ രീതി. ഒറ്റപ്പാലം സ്വദേശി കൊണ്ടുവന്ന 300 കിലോ കഞ്ചാവ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്ക് കൊണ്ടുപോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.

ഇൻസ്പെക്ടർമാരായ വി.അനൂപ്, ജി.സന്തോഷ് കുമാർ, ഇന്റലിജൻസ് പി.ഒ.മാരായ സി.സെന്തിൽകുമാർ, ആർ.റിനോഷ്, എം.യൂനസ്, കെ.എസ്.സജിത്ത്, എം.എസ് മിനു, റേഞ്ച് ഉദ്യോഗസ്ഥരായ എം.ബി.രാജേഷ്, എം.കെ.മണികണ്ഠൻ, ഷംജിത്, എം.എം.സ്മിത എന്നിവരാണ് പ്രതികളെ പിടികൂടിയത്.