v

വെഞ്ഞാറമൂട്: കല്ലറ പാലോട് റോഡ് നവീകരണത്തെകുറിച്ച് പരാതിയുമായി നാട്ടുകാർ രംഗത്ത്. സംസ്ഥാന പാത കടന്നുപോകുന്ന കാരേറ്റുനിന്നും തുടങ്ങി പാലോട് എത്തിച്ചേരുന്ന ഈ റോഡിന്റെ നവികരണത്തിന് കോടികൾ ചിലവഴിച്ചിട്ടും പരാതികൾ തീരുന്നില്ല.

കരാർ ഏറ്റെടുത്ത നിർമ്മാണകമ്പനിയുടെ മെല്ലെപ്പോക്ക് നയവും അശാസ്ത്രീയമായ നിർമ്മാണ രീതികളുമാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്. രണ്ടാംഘട്ടത്തിൽ നവീകരണം തുടങ്ങിയത് ഭരതന്നൂർ മുതൽ പാലോട് വരെയാണ്. ഭരതന്നൂർ മാടൻനട ജംഗ്ഷനിൽ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓട നിർമ്മാണത്തിലെ അപാകതയിൽ 2.5 ഏക്കർ കൃഷി സ്ഥലം വെള്ളം കയറി നശിക്കുന്നു.മാടൻനട ഏലാ മുതൽ കല്ലറ പാലോട് റോഡ് വരെ വ്യാപിച്ച് കിടക്കുന്ന കൃഷി സ്ഥലമാണ് വെള്ളം കയറിയത് മൂലം ഉപയോഗ ശൂന്യമായത്. ലക്ഷങ്ങളുടെ കൃഷി നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കൃഷി സ്ഥലത്തെ തറ നിരപ്പിനെക്കാൾ ഉയരത്തിലാണ് നിലവിൽ ഓട നിർമ്മിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ നിന്നും ആരംഭിക്കുന്ന ഓട റോഡിന് കുറുകെ 500 മീറ്റർ നീളത്തിൽ ദൂരത്തിൽ ആല വളവ് സൊസെെറ്റി റോഡും കടന്ന് തൊട്ടടുത്ത തോട്ടിൽ എത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ വെള്ളം താഴാത്തതിനാൽ പാഴ് നിലമാകുമെന്ന ആശങ്കയിലാണ് ഉടമകൾ. ആശാസ്ത്രീയമായി നിർമ്മിച്ച ഓട പൊളിച്ച് കൂടുതൽ കൂടുതൽ ആഴത്തിൽ പുതുക്കി പണിയാൻ നിർമ്മാണ കമ്പനി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു