salary-challenge

തിരുവനന്തപുരം: ശമ്പളം പിടിക്കുന്നത് ആറ് മാസം കൂടി നീട്ടാൻ തീരുമാനിച്ചതിനെതിരെ സി.പി.എം അനുകൂല സംഘടനകൾ കൂടി എതിർപ്പ് പ്രകടിപ്പിച്ചതോടെ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ധനമന്ത്രി തോമസ് ഐസക് ചൊവ്വാഴ്ച ചർച്ച നടത്തും. സി.പി.ഐ അനുകൂല സംഘടനകളായ ജോയിന്റ് കൗൺസിലും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയും ശമ്പളം പിടിക്കലിനെതിരെ രംഗത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് ഓൺലൈനിലൂടെ ചർച്ച നടത്താൻ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ധനമന്ത്രി വിളിച്ചുചേർത്ത സംഘടനാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സി.പി.ഐ, സി.പി.എം യൂണിയനുകൾ കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

എന്നാൽ പിന്നീട് ജീവനക്കാരുടെ ഭാഗത്ത് നിന്ന് കാര്യമായ എതിർപ്പ് വന്നതോടെയാണ് ഭരണാനുകൂല സംഘടനകൾ നിലപാട് മാറ്റിയത്. സെറ്റോ, ഫെറ്റോ തുടങ്ങിയ ഫെഡറേഷനുകൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ആറ് മാസത്തെ ശമ്പളം പിടിക്കുന്ന തീരുമാനത്തിൽ നിന്നു സർക്കാർ പിന്തിരിയില്ലെന്നാണ് അറിയുന്നത്. എന്നാൽ ഓണം അഡ്വാൻസും പി.എഫ് വായ്പയും തിരിച്ചടയ്ക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചേക്കും.