കാട്ടാക്കട: ചീട്ടുകളി സ്ഥലത്തുണ്ടായ സംഘർഷത്തെ തുടർന്ന് വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. പന്നിയോട് ഇന്ദിരാനഗർ കിഴക്കുംകര തടത്തരികത്ത് വീട്ടിൽ അംബി എന്ന സുരേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. വിളവൂർക്കൽ ശാന്തംമൂല സോഫിൻ നിവാസിൽ സോഫിൻ(27),ഒറ്റശേഖരമംഗലം കൃഷ്ണവിലാസത്തിൽ അഭിജിത്ത് എന്ന കുട്ടു (26),​ മേപ്പൂക്കട മൈലോട് ദീപു ഭവനിൽ ദീപു(27) എന്നിവരാണ് അറസ്റ്റിലായത്. തലയിലും ദേഹത്തും ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിലെ പ്രതികളായ ജതീഷ്, സന്തോഷ്, ജതീന്ദ്രൻ, കള്ളിക്കാട് സ്വദേശി വിഷ്‌ണു എന്നിവരെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ, മലയിൻകീഴ് എസ്.ഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.