mahesh

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആത്മീയസൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ കർമ്മപഥങ്ങളിലെ അദ്ധ്യായങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ച കൗമുദി ടിവിയിലെ ആദ്യ മെഗാപരമ്പരയായ മഹാഗുരുവിന് സംസ്ഥാന ടെലിവിഷൻ അവാർഡിൽ സ്വർണത്തിളക്കം. അഞ്ചു പുരസ്കാരങ്ങളാണ് ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പര സ്വന്തമാക്കിയത്.

ഗുരുദേവന്റെ ജനനം മുതൽ സമാധി വരെയുള്ള ജീവിതസന്ദർഭങ്ങളെ ആസ്പദമാക്കി കൗമുദി ടിവി നിർമ്മിച്ച പരമ്പരയ്ക്ക് ഡോ.എസ്. മഹേഷ് സംവിധാനവും മഞ്ചു വെള്ളായണി രചനയും നിർവഹിച്ചു. 100 എപ്പിസോഡുകളായാണ് സംപ്രേഷണം ചെയ്തത്. ഗുരുവിന്റെ ജനനം, പഠനം, അവധൂത കാലം, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി, ആലുവ എന്നിവിടങ്ങളിലെ കർമ്മകാണ്ഡങ്ങൾ, മഹാത്മാ ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും സന്ദർശനങ്ങൾ, ഗുരുവിന്റെ ആദ്യ സിലോൺ യാത്ര, ദൈവദശകപ്പിറവി, കേരളകൗമുദിയുടെ ഉദയം ഉൾപ്പെടെയുള്ള മർമ്മപ്രധാനമായ ഭാഗങ്ങൾ പരമ്പരയുടെ ഭാഗമായി.

മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, രമണ മഹർഷി, ഡോ.പല്പു, ഉള്ളൂർ എസ്.പരമേശ്വരയ്യർ, കുമാരനാശാൻ തുങ്ങി ഒട്ടേറെ ചരിത്ര നായകന്മാർ പരമ്പരയിൽ കഥാപാത്രങ്ങളായി വന്നു.

2019 ജനുവരി 19ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ ട്രെയിലർ പ്രദർശനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മഹാഗുരു പരമ്പരയുടെ സംപ്രേഷണത്തിന് തുടക്കമിട്ടത്. കേരളകൗമുദി സ്ഥാപക ദിനമായ ഫെബ്രുവരി 11ന് കൗമുദി ടിവിയിൽ സംപ്രേഷണം ആരംഭിച്ചു. ഓരോ എപ്പിസോഡും സമൂഹമൊന്നടങ്കം ആദരവോടെ ഏറ്റെടുത്തു.