പാറശാല: പേരൂർ തിരുനാരായണപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം കുത്തിത്തുറന്ന് നടത്തിയ മോഷണത്തിൽ ഒന്നേകാൽ ലക്ഷം രൂപയുടെ സ്വത്തുക്കൾ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ മാല, സ്വർണപ്പൊട്ടുകൾ എന്നിവ ഉൾപ്പെടെ 21 ഗ്രാം തൂക്കം വരുന്ന സ്വർണവും 30,000 രൂപയുമാണ് മോഷ്ടിച്ചത്. എന്നാൽ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന കാണിക്ക വഞ്ചികളോ വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കളോ നഷ്ടമായിട്ടില്ല. മോഷ്ടാക്കൾ ക്ഷേത്ര മതിൽ ചാടിക്കടന്നാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. കോമ്പൗണ്ടിലെ സ്ട്രോംഗ് റൂമിന്റെ മുന്നിലുള്ള ഗേറ്റിലെ നാല് പൂട്ടുകളും അടുത്ത കതകിലെ നാല് പൂട്ടുകളും മോഷ്ടാക്കൾ തകർത്തു. പൂട്ടുകൾ പൊട്ടിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിലെ മൈക്ക് സ്റ്റാൻഡിന്റെ കമ്പി സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും പൊട്ടിച്ച പൂട്ടുകളും സ്വർണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബോക്‌സുകളും കോമ്പൗണ്ടിന് പുറത്ത് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. ക്ഷേത്ര മാനേജർമാരിൽ ഒരാളായ രാമചന്ദ്രൻ ഇന്നലെ രാവിലെ 4.30ന് എത്തിയപ്പോഴാണ് സ്ട്രോംഗ് റൂം തുറന്ന നിലയിൽ കണ്ടത്. ഉടൻതന്നെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ഭാരവാഹികൾ അറിയിച്ചതനുസരിച്ച് പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡ് വിദഗ്ദ്ധരും കൂടുതൽ തെളിവെടുത്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ കുമാറും സ്ഥലത്തെത്തി.