ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന 2.200 കിലോഗ്രാം കഞ്ചാവു സഹിതം ലഹരി മാഫിയയിലെ കണ്ണികളായ രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം പിടികൂടി. കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശികളായ കരിമ്പനാൽ വീട്ടിൽ ജിപ്പൻ എന്ന കെ.അഭിജിത്ത് (28), ചാരുവേലിൽ വീട്ടിൽ സി.എഫ്. മിഥുൻ (27) എന്നിവരാണ് പിടിയിലായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് മേഖലയിൽ വില്പന നടത്തുന്നതിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം അറിയിച്ചു. കുറച്ചു കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇരുവരും കർണ്ണാടകയിലെ ബൈരക്കുപ്പയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് പിടിയിലായത്. വിപണിയിൽ അര ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നു പിടികൂടിയത്.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി.സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടാനായത്. സംഘത്തിലെ മറ്റു ചില കണ്ണികൾ കൂടി നിരീക്ഷണത്തിലാണ്.
പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, എൻ. പത്മരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ.അമൃത, എക്‌സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.