കോവളം:ആഴിമല കടലിൽ വീണ് മരിച്ച രണ്ടുപേരിൽ ഒരാൾക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ മൃതദേഹം കരയ്‌ക്കെത്തിച്ച തീരദേശ പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐയും ഒരു പൊലീസുകാരനും നാല് കോസ്റ്റൽ വാർഡൻമാരും നിരീക്ഷണത്തിലായി. കടലിൽ കാണാതായ മറ്റ് രണ്ട്‌പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടലിൽ മരിച്ച പുല്ലുവിള സ്വദേശികളായ ജോൺസന്റെയും മനുവിന്റെയും മൃതദേഹങ്ങളിൽ നടത്തിയ സ്രവ പരിശോധനയിലാണ് മനുവിന് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധന നെഗറ്റീവായതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയ ജോൺസന്റെ മൃതദേഹം പുല്ലുവിള സെന്റ ജേക്കബ് ഫെറോനാ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു.കൊവിഡ് സ്ഥിരികരിച്ച മനുവിന്റെ മൃതദേഹം വൈകിട്ടാണ് പുല്ലുവിളയിൽ എത്തിച്ചത്.ചുരുക്കം ചില ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങുകൾക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഫെറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.ഇവർക്കൊപ്പം കടലിൽ കാണാതായ പുല്ലുവിള ഇരയിമ്മൻ തുറയിൽ വർഗീസിന്റെ മകൻ സന്തോഷ്, ജോർജിന്റെ മകൻ സാബു എന്നിവർക്കായി മറൈൻ എൻഫോഴ്സ്‌മെന്റും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ഇന്നലെ വൈകിട്ട് വരെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.