1

തിരുവനന്തപുരം: ഗുരുദേവ മഹാസമാധിയുടെ നിമിഷം 'നാരായണ'ത്തിൽ പെരുമ്പടവം ശ്രീധരൻ

അവതരിപ്പിച്ചത് ഇങ്ങനെ: ''ഗുരുദേവന്റെ തൃപ്പാദങ്ങളിൽ നിന്ന് ഭൂമി തെന്നിപ്പോയി''-

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഏറ്റവും ഒടുവിൽ രചിക്കപ്പെട്ട നോവലാണ് 'നാരായണം'.

''ഗുരുദേവന് മറ്റൊരു ഓർമ്മ വന്നു. 'വഴിയും യാത്രക്കാരനും യാത്രയും ഞാൻ തന്നെ. മറ്റൊരു ചിന്തയിൽ ഗുരുദേവനു തോന്നി.അല്ലെങ്കിൽ യാത്ര അവസാനിക്കുന്നില്ല. ചിതയിൽ കത്തിക്കൊണ്ടിരിക്കുമ്പോഴും യാത്ര തുടരുകയാണ്. ബന്ധങ്ങൾ ഇവിടെ വേർപിരിയുന്നു.'' നോവലിന്റെ അവസാന അദ്ധ്യായത്തിൽ ഗുരുദേവന്റെ ചിന്തകളെ ഇങ്ങനെയാണ് വിവരിക്കുന്നത്.

നോവലിന്റെ അവസാന അദ്ധ്യായത്തിലെത്തിയപ്പോഴേക്കും തന്റെ മാനസിക നില മറ്റൊന്നായിരുന്നുവെന്ന് പെരുമ്പടവം ഓർക്കുന്നു. എഴുതാനിരിക്കുമ്പോൾ ഗുരു കൈപിടിച്ച് എഴുതിക്കുന്ന അനുഭവമായിരുന്നു .

''അറിയാതെ ഉള്ളിൽപ്പൊട്ടിയ ഒരെക്കിൾ കൊണ്ട് ഗുരുദേവന്റെ ശരീരം ഉലഞ്ഞു. സിരാപടലങ്ങൾ വലിഞ്ഞു മുറുകുന്നു. നിത്യതയുടെ മഹാകാശത്തിനു നേരെ കണ്ണുകൾ മിഴിയുന്നു. ശരീരത്തിലെ ചൂട് ആറുന്നു.ബോധാനന്ദസ്വാമി വല്ലാതെ പരിഭ്രമിച്ച് ഗുരുദേവാ എന്നു വിളിച്ചു. ആ വിളി ഒരു വിലാപം പോലെയായിരുന്നു... നിമിഷങ്ങൾക്കുള്ളിൽ ‌ഡോ.പൽപ്പുവും കെ.അയ്യപ്പനും സന്യാസി ശിഷ്യന്മാരും ഗുരുദേവന്റെ അരികിലെത്തി..വ്യസനം അടക്കിപ്പിടിച്ചുകൊണ്ട് ഡോ.പൽപ്പു ജനസമുദ്രത്തോടു പറഞ്ഞു. 'ശാന്തരായിരുന്ന് ഗുരുദേവന്റെ ആത്മശാന്തിക്കു വേണ്ടി പ്രാർത്ഥിക്കൂ''. അഗാദമായ നിശബ്ദതയിൽ ശിവഗിരി ഒരു നിമിഷം മുങ്ങിപ്പോയി.സങ്കടം ഒതുക്കിപ്പിടിച്ചുകൊണ്ട് ചുറ്റും നിന്നവരോട് ഗുരുദേവന്റെ മൗനം ചോദിച്ചു. 'നിങ്ങൾ വിഷമിക്കുന്നതെന്തിന്?​ മുമ്പിൽ കിടന്ന് ഇളകിമറിയുന്ന സമുദ്രത്തിലെ ഒരു തിരയാണ് ഞാൻ. ആ തിരയങ്ങ് മറിഞ്ഞുമറിഞ്ഞ് പോകുന്നു. അത്രയേ ഉള്ളൂ...''

. 'കേരളകൗമുദി'യുടെ ആവശ്യ പ്രകാരമാണ് ഗുരുദേവനെക്കുറിച്ച് നോവലെഴുതാൻ തയ്യാറായതെന്ന് പെരുമ്പടവം പറഞ്ഞു. ഗുരുപഥം150 എന്ന പ്രത്യേക പതിപ്പിനു വേണ്ടിയായിരുന്നു അത്. 'ആദ്യം എനിക്ക് പേടിയും മടിയുമായിരുന്നു.എഴുത്തിൽ ‍എന്റെ ഗുരുസ്ഥാനീയനായ കെ.സുരേന്ദ്രന്റെ 'ഗുരു' എന്ന നോവൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. മറ്റൊന്നിനേയും അനുകരിക്കാതെ നോവൽ എഴുതാൻ തീരുമാനിച്ച ശേഷം ചെമ്പഴന്തിയിലും ശിവഗിരിയിലും ഓടിയെത്തി. കുന്നുംപാറ മഠത്തിലെത്തി ധ്യാനിച്ചു. അപ്പോഴൊരു ധൈര്യം കൈവന്നു '- അദ്ദേഹം പറഞ്ഞു.

ഗുരുദേവന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അദ്ദേഹം സ്വന്തം ജീവിതത്തിലേക്ക് മനസുകൊണ്ടു നടത്തുന്ന യാത്രയായാണ് നോവൽ ആരംഭിക്കുന്നത്. 2004ൽ പുസ്തകം പ്രകാശനം ചെയ്തപ്പോൾ തന്നെ ആദ്യ പതിപ്പിലെ മുഴുവൻ കോപ്പികളും എസ്.എൻ.ഡി.പിയോഗത്തിനു വേണ്ടി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാങ്ങി. സങ്കീർത്തനം പബ്ളിക്കേഷൻ ആറു പതിപ്പുകൾ കൂടി ഇറക്കി. പിന്നീട് ഹിന്ദി,​ തമിഴ്,​ ഗുജറാത്തി ഭാഷകളിലേക്ക് നോവൽ മൊഴിമാറ്റം ചെയ്തു.