മുടപുരം: കയർപിരി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളിക്ക് ആശ്വാസമായി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ വരുന്നു. നിലവിൽ റാട്ട് കറക്കി കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അനായാസം കയർപിരിക്കുന്നതിന് പുതിയ സംരംഭം കരുത്തേകും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തെ 100 കയർ സംഘങ്ങൾക്ക് സ്പിന്നിംഗ് മെഷീനുകൾ നൽകുന്നത്. ജില്ലയിൽ പെരുങ്ങുഴി, മുട്ടപ്പലം, മാടൻവിള, ആനത്തലവട്ടം സംഘങ്ങൾക്കാണ് മെഷീൻ ലഭിച്ചത്. അടുത്തഘട്ടത്തിൽ മറ്റ് സംഘങ്ങളിലേക്കും സ്വകാര്യ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കും. കയർപിരിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ പെരുങ്ങുഴി കയർ സംഘത്തിന് 20 മെഷീനും മറ്റുസംഘങ്ങൾക്ക് 10 വീതവുമാണ് നൽകിയിട്ടുള്ളത്. തൊഴിലാളികൾക്ക് ഒരു മാസത്തെ പരിശീലനനവും നൽകും. പരിശീലന കാലത്ത് സ്റ്റൈപ്പന്റുണ്ട്. യൂണിഫോമും ലഭിക്കും. 215 തൊഴിലാളികൾ പണിയെടുക്കുന്ന പെരുങ്ങുഴി സംഘത്തിൽ 40 തൊഴിലാളികൾക്ക് ഉടൻ പരിശീലനം നൽകും. പുതിയ മെഷീനുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ രണ്ട് ഷിഫ്റ്റ് ആയി ജോലി ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പരമ്പരാഗത രീതിയിൽ പെടാപ്പാട്
പരമ്പരാഗത കയർപിരി തൊഴിലാളികൾക്ക് ഒരുദിവസം ഏഴ് മണിക്കൂർ ജോലിചെയ്താൽ സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നത് 350 രൂപയാണ്. ഒരു റാട്ടിന്റെ പ്രവർത്തനത്തിന് മൂന്ന് തൊഴിലാളികൾ വേണം. റാട്ട് കറക്കാൻ ഒരാളും കയർ പിരിക്കാൻ രണ്ടുപേരുമെന്നാണ് കണക്ക്. ചകിരിയും കൊണ്ട് 25 മീറ്റർ നടന്നുവേണം ഒരുപിടി കയർ പിരിച്ചെടുക്കാൻ. ഒരു ദിവസം 155 പിടി കയർ പിരിക്കാൻ 3875 മീറ്റർ നടക്കണമെന്നാണ് കണക്ക്. എന്നാൽ ഇതിനനുസരിച്ചുള്ള വരുമാനം മാത്രം തൊഴിലാളികൾക്കില്ല.
പുതിയ യന്ത്രം കിടുക്കും
തൊഴിലാളി നൽകുന്ന പച്ചത്തൊണ്ട് കയറായി തിരിച്ചുലഭിക്കുന്ന തരത്തിലാണ് പുതിയ യന്ത്രത്തിന്റം പ്രവർത്തനം. ഇത്തരത്തിൽ ഏറെ നേരം നടക്കാതെ യന്ത്രത്തിന് അരികിൽ നിന്ന് ജോലി ചെയ്യാൻ തൊഴിലാളിക്ക് സാധിക്കും.
മാത്രമല്ല ഏഴ് മണിക്കൂർ ജോലി ചെയ്താൽ 500 രൂപ ശമ്പളവും ലഭിക്കും. സർക്കാരിന്റെ അധീനതയിലുള്ള ആലപ്പുഴ കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനിയാണ് 2.5 ലക്ഷം രൂപ വിലവരുന്ന മെഷീനുകൾ നിർമ്മിച്ചത്. സൗജന്യമായാണ് ഇത് സംഘങ്ങൾക്ക് നൽകുന്നത്.