abdeen

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരം മണക്കാട് കെ.ബി.എം ഹോസ്‌പിറ്റൽ ഉടമ കല്ലാട്ടുമുക്ക് പാംവ്യൂവിൽ ഡോ. എം.എസ്.ആബ്ദീനാണ് (72) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.50നായിരുന്നു മരണം. സംസ്കാരം ഇന്നലെ വൈകിട്ട് പൂന്തുറ പുത്തൻപള്ളിയിൽ നടന്നു. ഭാര്യ സക്കീന, മക്കൾ - സമീർ സൈനുലാബ്ദീൻ (നെഫ്രോളജിസ്റ്റ് പി.വി.എസ് ഹോസ‌്‌പിറ്റൽ കോഴിക്കോട്), ഷെറിൻ (ഫാർമസിസ്റ്റ്), സനം (ഫാർമസിസ്റ്റ്), മരുമക്കൾ ഡോ.അസ്ഗർ അബ്ബാസ് (ഒഫ്താൽമോളജിസ്റ്റ്, കിംസ്), അഷ്കർ (എൻജിനിയർ, ഒമാൻ), ഫർസാന (എൻജിനിയർ). കഴിഞ്ഞ ശനിയാഴ്‌ചവരെ ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. പനിയും ചുമയും ഉണ്ടായിരുന്നതിനാൽ തുടർന്ന് ആശുപത്രിയിൽ പോയിരുന്നില്ല. വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയബാധതിനായ ഇദ്ദേഹത്തിൻെറ വൃക്ക ഉൾപ്പെടെ തരാറിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യപ്രവർത്തകർ കൊവിഡിൻെറ പിടിയിലാണ്. പ്രതിദിനം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാനത്ത് ഡോക്ടറുടെ മരണം കൂടുതൽ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.