v

വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കോടികൾ മുടക്കി നിർമ്മിച്ച അത്യാധുനിക മത്സ്യ മാർക്കറ്റ് അവഗണനയുടെ പടുകുഴിയിൽ. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് വിഹിതത്തിൽ ഉൾപ്പെടുത്തി നിർമ്മിച്ച മാർക്കറ്റാണ് പഞ്ചായത്ത് തുറക്കാൻ തയ്യാറാകാത്തത്. 2.41കോടിക്കാണ് മാർക്കറ്റ് നിർമ്മിച്ചത്. പ്രെെവറ്റ് ബസ്‌ സ്റ്റാൻഡിലാണ് നിലവിൽ മത്സ്യലേലം നടക്കുന്നത്.

മുമ്പ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, കന്യാകുമാരി, തൂത്തുക്കുടി തുടങ്ങിയ ഹാർബറുകളിൽ നിന്ന് മീനെത്തിച്ച് ലേലവും മൊത്തവിതരണവുമെല്ലാം ഇവിടെയുണ്ട്. നൂറുകണക്കിന് പേരാണ് ഇതിനായി മാർക്കറ്റിലെത്തുന്നത്. എന്നാൽ മിച്ചമുള്ള മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് അന്തർദേശീയ നിലവാരത്തിലുള്ള മത്സ്യ വിപണനകേന്ദ്രം നിർമ്മിച്ചത്. തുടർന്ന് 2016 മാർച്ച് 24ന് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തു. പക്ഷേ വെെദ്യുതീകരണം, ജലവിതരണം തുടങ്ങിയ സംവിധാനങ്ങൾ പൂർത്തിയാക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവന്നു.

62 പ്രത്യേക സ്റ്റാളുകളും ലേലഹാളുമുൾപ്പെടെ 672 ചതുരശ്രഅടിയിലാണ് മാർക്കറ്റ് നിർമ്മിച്ചത്. മാർബിൾ ടേബിൾ, ഓരോ ക്യാബിനിലും പെെപ്പ് ലെെനുകൾ, ഓവുചാലുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്.

 അവഗണനയുടെ പടുകുഴി

സജീകരണങ്ങളേറെയുണ്ടെങ്കിലും മാർക്കറ്റിൽ മലിനജലവും മാലിന്യവും നിറയുകയാണ്. ഇതിൽ ചവിട്ടിയാണ് ആളുകൾ നടക്കുന്നത്. മീൻ വില്പനയില്ലാത്തതിനാൽ പച്ചക്കറിയുൾപ്പെടെയുള്ള സാധനങ്ങൾ ഇവിടെ വിപണനം ചെയ്യുകയാണ്. മാർക്കറ്റിലെ റോഡ് അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്തതാണ് മലിനജലം കെട്ടിക്കിടക്കാൻ കാരണം. പച്ചക്കറി മാർക്കറ്റിലെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗം തെരുവ് നായ്‌ക്കൾ കെെയടക്കിയിരിക്കുകയാണ്. മാർക്കറ്റ് വൃത്തിയാക്കാൻ പഞ്ചായത്ത് തയ്യാറാകാത്തത് പകർച്ചവ്യാധി ഭീഷണി ഉണ്ടാക്കുകയാണെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതി.

ശോച്യാവസ്ഥ മനസിലാക്കിയ വെഞ്ഞാറമൂട് റോട്ടറിക്ലബ് 4.50 ലക്ഷം രൂപ ചെലവിൽ മാർക്കറ്റിൽ ജെെവ മാലിന്യ സംസ്കരണ യൂണിറ്റ് നിർമ്മിച്ച് നൽകിയിരുന്നു. നെല്ലനാട് പബ്ലിക് മാർക്കറ്റിന്റെ വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പുനഃരാരംഭിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാർക്കറ്റ് ഇങ്ങനെ

 വിസ്തീർണം- 672 ചതുരശ്ര അടി

 നിർമ്മാണ ചെലവ്- 2.41 കോടി

 മത്സ്യ സ്റ്റാളുകൾ- 62

 നിലവിൽ മത്സ്യലേലം നടക്കുന്നത് പ്രെെവറ്റ് ബസ്‌സ്റ്റാൻഡിൽ

 പദ്ധതി തയ്യാറാക്കിയത് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്

'നവീകരിച്ച മാർക്കറ്റിന്റെ തുടർ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ പഞ്ചായത്ത് മുൻകെെയെടുത്തിട്ടില്ല. ജലസേചന സംവിധാനങ്ങൾ പൂത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. മത്സ്യലേലം നടക്കുന്ന സ്ഥലം തിയേറ്റർ സമുച്ചയത്തിന് കെെമാറാനും പഞ്ചായത്ത് തയ്യാറായിട്ടില്ല. മാലിന്യ നിർമ്മാർജനത്തിന് വേണ്ട നടപടികളും പഞ്ചായത്ത് സ്വീകരിക്കുന്നില്ല"

- ഡി.കെ. മുരളി എം.എൽ.എ