kovalam

കോവളം: അടിമലത്തുറ ആഴിമല കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ നാല് യുവാക്കളിൽ മൂന്നാമന്റെ മൃതദേഹവും കണ്ടെത്തി. പുല്ലുവിള ഇരയിമ്മൻതുറ പുരയിടത്തിൽ ജോർജ് -സ്റ്രെല്ല ദമ്പതികളുടെ മകനായ സാബു ജോർജിന്റെ (23) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ആഴിമല കടലിന് സമീപത്തു നിന്ന് കണ്ടെത്തിയത്. പുല്ലുവിള വലിയപള്ളിക്ക് സമീപം വർഗീസ് -മാർഗരീത്ത് ദമ്പതികളുടെ മകനായ സന്തോഷ് വർഗീസിന്റെ (27) മൃതദേഹവും കൂടി കണ്ടെത്താനുണ്ട്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷിനായുള്ള തെരച്ചിൽ തുടരുകയാണ്. അസി.സബ് ഇൻസ്‌പെക്ടർ അശോകൻ,സി.പി.ഒ നിസാമുദീൻ,കോസ്റ്റൽ വാർഡൻമാരായ ടി.തദയൂസ്,ഷിബു,സിൽവസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം ലീവേർഡ് വാർഫിലെത്തിച്ച മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കേളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ചതിന് ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തുക്കളുടെ ഒത്തുചേരലിനായി ആഴിമലയിലെത്തിയ പത്തംഗ സംഘത്തിലെ നാലു പേരാണ് കഴിഞ്ഞ വ്യാഴാഴ്ച തിരയിൽ പെട്ടത്. ഇവരിൽ ജോൺസൺ ക്ലീറ്റസ്(24),​ മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കൊവിഡ് പരിശോധനയിൽ കൊവി‌ഡ് പൊസിറ്റീവ് ആയതിനാൽ മനുവിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കരിച്ചത്.