1

പൂവാർ: സാബു ജീവനോടെ തിരിച്ചുവരുമെന്ന വീട്ടുകാരുടെ ചെറിയ പ്രതീക്ഷ വരെ തല്ലിക്കെടുത്തിയാണ് ഇന്നലെ ഉച്ചയോടെ ആ ദുഃഖ വാർത്ത എത്തിയത്. കരുംകുളം പുല്ലുവിള ഇരയിമ്മൻതുറ പുരയിടം വീട്ടിൽ ജോർജ്ജ്, സ്റ്റെല്ല ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനായ സാബു ജോർജിന്റെ (23) മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. യു.കെയിലേക്ക് പോകുന്ന സുഹൃത്ത് ജോൺസൺ ക്ലീറ്റസിനെ യാത്ര അയയ്ക്കാനെത്തിയതാണ് സാബു അടക്കമുള്ള സുഹൃത്തുക്കൾ. ഒരു മുറ്റത്ത് കളിച്ചുവളർന്ന,​ സുഖവും ദുഃഖവും വർഷങ്ങളായി പങ്കുവയ്ക്കുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഒടുവിൽ മരണത്തിലും അവർ ഒന്നിച്ചായി. ഐ.ടി.ഐ (ഇലക്ട്രോണിക്സ് ) പൂർത്തിയാക്കിയ സാബു പ്രൈവറ്റായി ഡിഗ്രി പഠനത്തിലായിരുന്നു.

'അവൻ മിടുക്കനായിരുന്നു,​ ഞങ്ങളെല്ലാവരും അവനെ ലാളിച്ചാണ് വളർത്തിയത്. എന്നോട് പറഞ്ഞിട്ടാണ് യാത്ര അയപ്പ് പാർട്ടിക്കു പോയത്. അത് മരണത്തിലേക്കുള്ള യാത്രയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല' എക്സ് സർവീസ്‌മാനായ പിതാവ് ജോർജ്ജ് കണ്ണീരോടെ പറയുന്നു. കരഞ്ഞു കരഞ്ഞ് അമ്മ സ്റ്റെല്ലയുടെ ശബ്ദമില്ലാതെയായി. സാബു വരുന്നതും നോക്കി ഇമ പൂട്ടാതെ റോഡിലേക്ക് തുറിച്ച് നോക്കി ഒരേഇരിപ്പാണവർ. സഹോദരനെ കാത്തിരിക്കുന്ന രണ്ട് സഹോദരിമാർ കൂടിയുണ്ട് ആ വീട്ടിൽ. ആശ്വസിപ്പിക്കാൻ ബന്ധുക്കളും അയൽക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണീർ തോർന്നിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി വീടും പരിസരവും ജനക്കൂട്ടമാണ്. സഹോദരിമാരിൽ വിനീത എം.എസ്.സി ബയോ കെമിസ്ട്രി കഴിഞ്ഞ് ഇപ്പോൾ റിസർച്ച് ഫെലോയാണ്. മറ്റൊരു സഹോദരി ഷീബ തിരുവനന്തപുരം എസ്.എ.ടി ഹോസ്‌പിറ്റലിലെ ബി.എസ്‌സി നേഴ്സാണ്. ഷീബയും സാബുവും ഇരട്ടകളാണ്.

മൂകമായി സന്തോഷിന്റെ വീടും

ഇനിയും മൃതദേഹം കണ്ടെത്താനുള്ള സന്തോഷ് വർഗീസിന്റെ വീട്ടിലും സമാന സ്ഥിതിയാണ്. നല്ല ഫുട്ബാൾ കളിക്കാരനായിരുന്ന സന്തോഷിന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല വീട്ടുകാർക്കും നാട്ടുകാർക്കും. കൊവിഡ് സമയത്ത് വോളണ്ടിയറായി പ്രവർത്തിച്ചിരുന്നയാൾ കൂടിയായിരുന്നു സന്തോഷ്. അമ്മ മർഗരീത്ത് സമീപകാലത്താണ് മരിച്ചത്. ആ ദുഃഖം മായും മുൻപേ അടുത്ത സങ്കടം തേടിയെത്തിയതിന്റെ ആഘാതത്തിലാണ് കുടുംബം.