honey-trap

കാസർകോട്: ഫേസ്ബുക്കിൽ പരിചയപ്പെട്ട 18 കാരിയായ കാമുകിയെ കാണാൻ ബൈക്കോടിച്ചു തൃശ്ശൂരിൽ നിന്ന് ബേക്കൽകോട്ടയിലെത്തിയ കാമുകൻ ഒടുവിൽ ഞെട്ടിപ്പോയി. അരലക്ഷം രൂപയും ഉറക്കവും കളഞ്ഞ് പെട്ടത് ഹണി ട്രാപ്പിൽ. ദേഷ്യം പൂണ്ട് സീനാക്കിയപ്പോൾ മാനവും പോയി, പൊലീസ് കേസുമായി. കഴി‌ഞ്ഞ ദിവസമാണ് രസകരമായ സംഭവം റിപ്പോർട്ട് ചെയ്തത്.

യുവാവും സുഹൃത്തുമാണ് ബൈക്കിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത്. അൽപനേരം കഴിഞ്ഞതോടെ കുമ്പള സ്വദേശിനിയായ 54 കാരി ബുർഖയിട്ടെത്തി. മുഖം കാണാൻ കാമുകൻ ഏറെ നിർബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാൻ കൂട്ടാക്കിയില്ല. കാലുകളും ശരീര ഘടനയും തിരിച്ചറിഞ്ഞതോടെ സംശയം കുടുങ്ങിയ കാമുകന് 'വൃദ്ധകാമുകി' തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായി. പലപ്പോഴായി ഗൂഗിൾപേ വഴി അയച്ച അരലക്ഷം രൂപ മടക്കി കിട്ടണമെന്നായി 24 കാരനായ കാമുകൻ. പണം തിരിച്ചു നൽകില്ലെന്നായതോടെ കാമുകൻ ബൈക്കിന്റെ ബാഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശി. ഇതോടെ വീട്ടമ്മ നിലവിളിച്ചു. പരിസരവാസികൾ ഓടിക്കൂടി യുവാവിനേയും സുഹൃത്തിനേയും തടഞ്ഞു വെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ബേക്കൽ പൊലീസ് കമിതാക്കളെ കയ്യോടെ പൊക്കി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് കഥ പുറത്തുവന്നത്. ബേക്കൽ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്തു. സ്ത്രീയെ വീട്ടിലേക്ക് പറഞ്ഞയച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും പകർച്ച വ്യാധി നിയന്ത്രണ നിയമവും അനുസരിച്ച് യുവാക്കൾക്കെതിരെ കേസെടുത്തു. പണം നഷ്ടവും അപമാനഭാരവുമായി വന്ന ബൈക്കിൽ തന്നെ ഇരുവരും നാട്ടിലേക്ക് മടങ്ങി.


യുവാക്കൾ ഹണിട്രാപ്പിൽ കുടുങ്ങിയതാണ്. പണം തട്ടിയ സ്ത്രീയുടെ പിന്നിൽ ആരെങ്കിലും ഉണ്ടാകുമെന്നാണ് സംശയിക്കുന്നത്.

പി. അജിത് കുമാർ

(ബേക്കൽ എസ്.ഐ)