കണ്ണൂർ: കണ്ണൂർ ആർ.ടി.ഒ ഓഫീസ്, തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസ് എന്നിവിടങ്ങളിൽ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാതെ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയ പണം പിടിച്ചെടുത്തു. വിജിലൻസ് കണ്ണൂർ, കോഴിക്കോട് യൂണിറ്റുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ നിന്ന് 40,000 രൂപയും തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ നിന്ന് 7815 രൂപയുമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം അനധികൃതമായി സൂക്ഷിക്കുകയും ചെയ്തതിനാൽ തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഷീബ, ജീവനക്കാരായ ഷൈബി , സുജിത് ബാബു എന്നിവർക്കെതിരെ കേസെടുക്കാൻ അനുമതി തേടി ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചു. അനുമതി ലഭിച്ചാലുടൻ ക്രമക്കേടുകൾ സംബന്ധിച്ച് കേസെടുത്തു വിപുലമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തലശ്ശേരി ഓഫീസിലെ റിക്കാർഡ് റൂമിലെ പഴയ ഫയലുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് 5150 രൂപ വിജിലൻസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. റെയ്ഡിനിടെ പെരുമാറ്റത്തിൽ സംശയം തോന്നി ഓഫീസിലെ വനിതാ ജീവനക്കാരി ഷൈബിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 500 രൂപയുടെ നോട്ട് പിടിച്ചെടുത്തു. മുതിർന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ആയിരുന്നു വിജിലൻസ് സംഘത്തിന്റെ റെയ്ഡ്. അപേക്ഷകളിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ മാസങ്ങളുടെ കാലതാമസം വരുത്തുന്നുവെന്നും ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്നുമുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് സംഘം റെയ്ഡിനെത്തിയത്. കണ്ണൂർ വിജിലൻസ് ഇൻസ്‌പെക്ടർ എ. വി. ദിനേശൻ, കോഴിക്കോട് യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ ഗണേഷ്‌കുമാർ, സുരേഷ്, സജീവൻ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.