e

അഞ്ചൽ: ഇലക്ട്രോണിക്സ് ഷോപ്പ് നടത്തിപ്പുകാരനും ഗവേഷക വിദ്യാർത്ഥിയുമായ യുവാവിന് എക്സൈസ് സംഘത്തിന്റെ ക്രൂര മർദ്ദനം. തടിക്കാട് കൂനങ്കാവ് വീട്ടിൽ ആഷിഖ് ഷാജഹാനാണ് (28) മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ തടിക്കാട്ടിലാണ് സംഭവം.ആയൂരിലുള്ള ഇലക്ട്രോണിക്സ് കട അടച്ച ശേഷം ബൈക്കിൽ സുഹൃത്തുമൊത്ത് തടിക്കാട്ടിലെ വീടിന് മുന്നിലെത്തിയപ്പോൾ എക്സൈസ് ബോർഡ് വച്ച കാർ ആഷിഖിന്റെ ബൈക്കിനോട് ചേർത്ത് നിർത്തവേ മുന്നോട്ടെടുത്ത ബൈക്ക് സമീപത്തെ മരത്തിലിടിച്ചു വീണതിനെത്തുടർന്ന് കാറിൽ നിന്നും സിവിൽ ഡ്രസിൽ ചാടിയിറങ്ങിയ നാലു പേർ ആഷിഖിനെ ക്രൂരമായി മർദ്ദിക്കുകയും വിലങ്ങണിയിക്കാൻ ശ്രമിക്കുകുകയും ചെയ്തു.ഈ സമയം മൂന്ന് ബൈക്കുകളിലായെത്തിയ മറ്റ്ആറ് പേർ കൂടി ചേർന്ന് ആഷിക്കിനെ മർദ്ദിക്കുകയും വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവത്രേ.ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തി വിവരമന്വേഷിച്ചപ്പോൾ തങ്ങൾ എക്സൈസ് സംഘമാണെന്നും ആളുമാറിയാണ് ആഷിക്കിനെ പിടികൂടിയതെന്നും സംഘം നാട്ടുകാരോട് പറയുകയും തിരിച്ചറിയൽ കാർഡ് കാട്ടി സംഘം സ്ഥലം വിടുകയും ചെയ്തു. മർദ്ദനമേറ്റ ആഷിക്കിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. മർദ്ദനമേറ്റ ആഷിക്കിന്റെ വീട്ടിൽ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം ,നിയോജക മണ്ഡലം ട്രഷറർ എം .എ റഹീം, പഞ്ചായത്ത് സമിതി ഭാരവാഹികളായ ഹംസ, സലാഹുദ്ദീൻ എന്നിവർ സന്ദർശിച്ചു.