collar

തിരുവനന്തപുരം: നിയമവിദ്യാർത്ഥികൾക്കായി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടത്തുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ് മൂലം നിയമ വിദ്യാർത്ഥികൾക്ക് യഥാസമയം അവരുടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്ര മോഹന്റെ നേതൃത്വത്തിൽ പരിശീലനപരിപാടി ആരംഭിച്ചത്. ഇൗ വർഷത്തെ രണ്ടാംഘട്ട പരിശീലനമാണിത്. ആദ്യഘട്ടത്തിൽ രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി 165 പേർ പങ്കെടുത്തു. പരിപാടി സൗജന്യമാണ്. രണ്ടാഘട്ടത്തിൽ 200 പേർക്ക് പ്രവേശനം നൽകും. കോളേജ് മേലധികാരിയിൽ നിന്നുള്ള അഭ്യർത്ഥന കൂടാതെ കോളേജ് തിരിച്ചറിയൽ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,​ ബയോഡേറ്റ,​ മൊബൈൽ വാട്സ് ആപ്പ് നമ്പർ എന്നിവ സഹിതം ഒക്ടോബർ രണ്ടിന് മുമ്പായി cdrckerala@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൊവിഡ് സാഹചര്യത്തിൽ തിരിച്ചറിയൽ കാർഡും കോളേജ് കത്തും ഹാജരാക്കാൻ കഴിയാത്തവർ കോഴ്സ് തീരുന്നതിന് മുമ്പായി അവ ഹാജരാക്കിയാൽ മതിയാകും. രാവിലെ 11.30 മുതൽ 3.30 വരെയുള്ള ഓൺലൈൻ കോടതി നടപടികളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും.