kanal

പാറശാല: തുടക്കം മുതൽ പാളി അലത്തറവിളാകം കനാൽ ബണ്ട് റോഡ്. ചെങ്കൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര അഞ്ചാം വാർഡിലെ ആറയൂരിൽ നിന്നും ആരംഭിച്ച് അലത്തറവിളാകത്ത് അവസാനിക്കുന്ന കനാൽ ബണ്ട് റോഡിനാണ് ദുർവിധി. അലത്തറവിളാകം പട്ടികജാതി കോളനിയിലെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര പാത ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് എങ്ങുമെത്താതെ അപകടം പതിയിരിക്കുന്ന പാതയായി മാറിയത്. 2012ൽ മുൻ എം.എൽ.എ ആർ. സെൽവരാജ് എസ്.സി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന എഫ്.ഐ.ടി കമ്പനിക്ക് നിർമാണാനുമതി നൽകുകയായിരുന്നു. ആറയൂർ റോഡിനു കുറുകെയുള്ള ഇറിഗേഷന്റെ പാലത്തിൽ നിന്നും തുടങ്ങുന്ന 4 അടി വീതിയിൽ നിലവിലുണ്ടായിരുന്ന റോഡിന്റെ ഒരു വശത്ത് 300 മീറ്ററോളം ദൂരത്തിൽ കനാൽ ഭീത്തി നിർമ്മിച്ച് റോഡ് വീതി കൂട്ടുന്നതിനായിരുന്നു പദ്ധതി. എന്നാൽ പാർശ്വഭിത്തി നിർമാണം ആരംഭിച്ചതു മുതൽ പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. റോഡിൽ നിന്നും 20 അടിയോളം താഴ്ചയുള്ള കനാലിൽ പാലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നാല് അടിയോളം ഭിത്തിയുടെ പുറത്ത് വെറും കോൺക്രീറ്റ് ഇട്ട് അതിൽ കമ്പികൾ കുത്തി നിറുത്തിയായിരുന്നു നിർമ്മാണം. പാലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 50 മീറ്ററോളം നീളത്തിൽ പാർശ്വഭിത്തിയുടെ മുകളിൽ നടത്തിയ നിർമ്മാണത്തിനു ശേഷം കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. പാർശ്വഭിത്തി നിർമ്മച്ച 80 മീറ്റർ ദൂരം റോഡുമായി ബന്ധമില്ലാതെ വലിയ ഗർത്തമായി മാറി. ബണ്ട് റോഡ് വഴി പരിചയമില്ലാത്ത വാഹനയാത്രക്കാർ വരുമ്പോൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥകളായി മാറിയിട്ടുണ്ട്. എന്നാൽ കനാലിനോട് ചേർന്ന് ബണ്ട് നിർമ്മാണത്തിനായി ഇറിഗേഷന്റെ അനുമതി തേടിയിരുന്നില്ലെന്നും അധികൃതർ അനുമതി നൽകിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. കനാൽ ബണ്ട് നിർമ്മാണം നിലച്ചതോടെ കനാലിലൂടെയുള്ള ജലമൊഴുക്കും നിലച്ചു.നിർമ്മാണ സാമഗ്രികളും ഉപയോഗശൂന്യമായ അസംസ്‌കൃത വസ്തുകളും ഈ ഭാഗത്ത് കൂടി കിടക്കുന്ന സ്ഥിതിയാണ്. കനാലിലൂടെ വെള്ളം എത്താത്തത് പ്രദേശത്തെ കൃഷിയെയും മറ്റും ബാധിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.