damodaran
ദാമോദരൻ കോഴഞ്ചേരി

മുക്കം: ആനക്കാംപൊയിൽ മലവാരത്തിന്റെ ഉച്ചിയിലെ വെള്ളരിമലയിൽ നിന്ന് ഉത്ഭവിച്ച് ചാലിയാറിലേയ്ക്ക് കുതിക്കുന്ന ഇരുവഞ്ഞിപുഴ സുരക്ഷ അനുഭവിക്കുന്ന ചെറിയൊരു പ്രദേശമാണ് മുക്കം. അവിടെ ഈ പുഴയ്ക്ക് കരുതലും കാവലുമായി ഒരാളുണ്ട്. അയാളുടെ കൺവെട്ടത്ത് പുഴയ്ക്ക് ഭീഷണിയാവുന്ന മണലെടുപ്പും മീൻപിടുത്തവും ഒന്നും നടക്കില്ല. തീരം ഇടിയാതെ നോക്കുന്നതും തീരത്തിന്റെ സുരക്ഷയ്ക്കായി മുളങ്കാടുകൾ വച്ചുപിടിപ്പിച്ചു പരിപാലിക്കുന്നതും അയാൾ തന്നെ. ദാമോദരൻ കോഴഞ്ചേരി.

ഈ പ്രകൃതി സ്റ്റേഹിയുടെ മുളകാട് പ്രശസ്തമാണ്. ഇതിന്റെ സൗന്ദര്യം നുകരാൻ സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ വൃദ്ധർ വരെ എത്താറുണ്ട്. പല മീറ്റിംഗുകളും ഈ മുളങ്കാട്ടിൽ നടക്കും. ഈ പ്രവൃത്തിയ്ക്ക് അംഗീകാരമായി ദാമോദരൻ കോഴഞ്ചേരിയ്ക്ക് വനം വകുപ്പ് 'വനമിത്ര'പുരസ്‌ക്കാരം സമ്മാനിച്ചിരുന്നു.

സിറ്റിസൺ കൺസർവേറ്ററായും 2016ൽ ദാമോദരനെ നിയമിച്ചിരുന്നു. നദീതീരത്ത് മുളങ്കാടുകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിന് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ചെലവും ഉണ്ടാവുന്നു. പ്രളയത്തിലകപ്പെട്ട് ഇരുവഞ്ഞി പുഴയുടെയും ചാലിയാറിന്റെയും ചെറുപുഴയുടെയും തീരങ്ങളാകെ ഇടിഞ്ഞമർന്നപ്പോഴും ദാമോദരന്റെ മുളങ്കാടുകൾക്ക് പരിക്കേറ്റില്ല. പ്രസിദ്ധമായ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന്റെ പരിസരത്താണ് ദാമോദരന്റെ മുളങ്കാട്. പത്ത് വർഷമായി ഈ ദൗത്യം തുടങ്ങിയിട്ട്.

ഗൾഫിൽ ഒരു പൂന്തോട്ടത്തിലെ ജീവനക്കാരനായി 18 വർഷം ജോലി ചെയ്ത് തിരികെ നാട്ടിലെത്തിയപ്പോൾ പുഴയോരം മലിനമായി കണ്ടതാണ് ഈ ആശയത്തിൽ എത്തിച്ചത്. 2008ൽ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 250 മീറ്റർ പുഴയോരത്ത് മുളകൾ വച്ചുപിടിപ്പിച്ചത്. 500 രൂപ നിരക്കിലാണ് വളർച്ചയെത്തിയ 200 തൈകൾ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത്. ഇതിന് അധികൃതരിൽ നിന്ന് പ്രത്യേക അനുമതിയും വാങ്ങി. രണ്ടു വർഷം കൊണ്ട് ഇവ പടർന്ന് പന്തലിച്ചു. ഒരോ വർഷവും പൊട്ടി മുളച്ച് വരുന്ന തൈകൾ എടുത്ത് മറ്റു സ്ഥലങ്ങളിലും നട്ടുവളർത്തിയതോടെ, ഇപ്പോൾ 350 മീറ്ററോളം നീളത്തിൽ മുളങ്കാടുകളുണ്ടെന്ന് ദാമോദരൻ പറയുന്നു.കൂലിക്കാരൊന്നുമില്ലാതെ ദാമോദരൻ സ്വന്തമായാണ് ഇത്രയേറെ മുളകൾ വച്ചുപിടിപ്പിച്ചത്. മുളയുടെ വേരുകൾ കാർപറ്റ് പോലെ മണ്ണിൽ ഇഴുകിച്ചേരുന്നതിനാൽ ശക്തമായ മഴയത്ത് പോലും മണ്ണിളകില്ലെന്ന് ദാമോദരൻ പറയുന്നു. മുളങ്കാട് മാത്രമല്ല, വീടിന് ചുറ്റും അപൂർവ്വ ഇനം ചെടികൾ അടങ്ങിയ പൂന്തോട്ടവും മത്സ്യകൃഷിയുമെല്ലാമുണ്ട് ദാമോദരന്.