ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണം നാടെങ്ങും പ്രാർത്ഥനാപൂർവം ആചരിക്കുന്നു. ഭക്തിനിർഭരമായ ചടങ്ങുകളോടെ മഹാസമാധി ദിനാചരണം ശിവഗിരിയിൽ ആരംഭിച്ചു. ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമികളുടെ സമാധി മണ്ഡപം, മഹാസമാധി എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും പാരായണം, ജപം, ധ്യാനം, ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടന്നുവരുന്നു. മഹാസമാധി സമയമായ 3.30 ന് മഹാസമാധിയിൽ നടക്കുന്ന പൂജകൾക്ക് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ നേതൃത്വം നൽകും.
3.30ന് കലശം എഴുന്നള്ളിച്ച് മഹാസമാധിയിൽ എത്തിച്ച ശേഷം കലശാഭിഷേകം നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ ഇത്തവണ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.