കാഞ്ഞങ്ങാട്: നാട്ടുകാര്യങ്ങളൊക്കെ അറിയണമെങ്കിൽ ആയന്നൂരുകാർക്ക് ഇപ്പോൾ കുട്ടിപ്പടയാണ് ആശ്രയം. നാട്ടിലെ മുക്കും മൂലയിലെ കാര്യങ്ങളൊക്കെ ഇവരാണ് ആദ്യം അറിയുക. ഇതൊക്കെ വാർത്തയായി അവതരിപ്പിക്കുന്നുമുണ്ട്. ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ബാലവേദി പ്രവർത്തകരാണ് 'ട്യൂൺ വിത്ത് കുട്ടി ന്യൂസ്' എന്ന പേരിൽ റേഡിയോ ക്ലബ് രൂപീകരിച്ചത് .
നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന 25 കുട്ടികളാണ് അണിയറയിൽ. വാർത്തകൾ കണ്ടെത്തുന്നതും എഡിറ്റ് ചെയ്യുന്നത് ഇവർ തന്നെ. ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായാണ് വാർത്താ സംപ്രേഷണം. ഗ്രന്ഥശാലയിലെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളുമാണ് ആയുധം. പ്രാദേശിക വാർത്തകൾക്ക് പുറമേ കൃഷി, സാംസ്‌കാരികം, കലാപരിപാടികളും ഉൾപ്പെടുത്തും.
കുട്ടികളിലെ വായനാശീലത്തെ പരിപോഷിപ്പിക്കാനും വാർത്തകളെ സമഗ്രമായി വിലയിരുത്താനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ സ്‌നേഹ വിനോദ് പറഞ്ഞു. പി.എസ് അൽന കൺവീനറും റിയ തോമസ് പ്രസിഡന്റും സിദ്ധാർഥ് സജീവൻ, കെ.വി. അഭിജിത് എന്നിവർ ഭാരവാഹികളുമായ കമ്മിറ്റിയാണ് റേഡിയോ ക്ലബ്ബിനെ നിയന്ത്രിക്കുന്നത്. റേഡിയോ ക്ലബ്ബിന്റെയും റേഡിയോ ചാനലിന്റെയും ഉദ്ഘാടനം ഞാറായറാഴ്ച്ച വൈകിട്ട് ഏഴിന് കണ്ണൂർ ആകാശവാണി പ്രോഗ്രാം ചീഫ് വി. ചന്ദ്രബാബു ഓൺലൈനിലൂടെ നിർവഹിക്കും.