കാഞ്ഞങ്ങാട്: കൊവിഡിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയത്തും ഭാരതീയ ചികിത്സാ വകുപ്പിൽ കുതികാൽ വെട്ടും പാരവയ്പ്പുമെന്ന് ആക്ഷേപം. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പൂർണിമയെ സസ്‌പെന്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ജില്ലാ ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. പൂർണിമ തന്റെ കീഴ്ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്റ് ചെയ്തത്.

എന്നാൽ ഡോക്ടർ തന്റെ കീഴ് ജീവനക്കാരോട് ജോലി ചെയ്യുന്നതിൽ സത്യസന്ധത വേണമെന്ന് പറഞ്ഞതായും, വീട്ടിലിരിക്കാൻ ശ്രമിച്ചവരോട് നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി കിട്ടിയത്. ഡി.എം.ഒയെ പരാമർശിച്ച് ഒരു പത്രത്തിൽ വന്ന വാർത്തയ്ക്കു പിന്നിൽ ഡോക്ടറാണെന്ന ധാരണയും നടപടിയ്ക്ക് പിന്നിലുണ്ടെന്നും വാദമുണ്ട്. സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ എത്തിയതോടെ പരാതിക്കാർക്ക് ഇടയിലും ഇത് കടുത്തുപോയെന്ന അഭിപ്രായമുണ്ട്.