parakkal-abdullah
അപൂർവ്വമായ ഫലവൃക്ഷ തൈകൾക്കരികിൽ പാറക്കൽ അബ്ദുദുള്ള എം.എൽ.എ

കുറ്റ്യാടി: തിരക്കുകൾക്കിടയിൽ കൃഷിയോട് മുഖം തിരിക്കുന്നവർക്ക് കൗതുകത്തോടെ വീക്ഷിക്കാൻ ഒരു കുറ്റ്യാടിക്കാരനുണ്ട്. അവരുടെ എം.എൽ.എ പാറക്കൽ അബ്ദുള്ള. തിരക്കുകൾക്കിടയിലും അദ്ദേഹം ഈ കൃഷി ഭൂമിയിൽ എത്തി, മണ്ണിനോടും മരങ്ങളോടും കിന്നാരം പറയാത്ത ദിവസങ്ങളുണ്ടാകില്ല, ഓരോ പച്ചപ്പും ഹരിതാഭയിലും കൈയ്യൊപ്പ് ചാർത്തുമ്പോൾ നാട്ടുകാരും ഇദ്ദേഹത്തെ കൗതുകത്തോടെ നോക്കുകയാണ്.

കൃഷിയും കറവ മാട് പരിപാലനവുമായിരുന്നു ഏറാമലയിലെ പാറക്കൽ തറവാട്ടുകാരുടെ പാരമ്പര്യം. മൊയ്തു ഹാജിയും കുടുംബവും നനഞ്ഞ മണ്ണിന്റെ സുഗന്ധം മനസിലാക്കിയായിരുന്നു വിത്തും കൈക്കോട്ടുമായി കൃഷി ഭൂമിയിൽ ഇറങ്ങിയത്. കൈതാങ്ങായി സഹധർമ്മിണി ജമീലയും ഒപ്പമുണ്ടായിരുന്നു. പിൻഗാമിയായി എത്തിയ മകൻ അബ്ദുള്ള നാടിന്റെ വികസനത്തിന് നേതൃത്വം വഹിക്കുമ്പോഴും കാർഷിക സംസ്‌കാരത്തെ കൈവിട്ടില്ല.
പശു പരിപാലനവും കോഴി വളർത്തലും ഒക്കെ ഇദ്ദേഹത്തിന് ഇപ്പോഴും ഹരമാണ്. തിരക്ക് പിടിച്ച യാത്രയ്ക്കിടയിലും കാലത്ത് ആറ് മണിക്ക് മുൻപായി വീടിന് പിന്നിലെ കൃഷിതോട്ടത്തിലും പശു തൊഴുത്തിലും എത്തി ജോലിക്കാർക്ക് നിർദ്ദേശം നൽകും. നല്ലയിനത്തിൽ പെട്ട ഇരുപതോളം പശുക്കളെയും നാടൻ കോഴികളെയും വളർത്തുന്നുണ്ട്. മംഗോസ്റ്റിൻ, റംബുട്ടാൻ, കെപ്പൽ, സന്തൂർ, ഫർഫ്യൂം ഫ്രൂട്ട് വിവിധ ഇനം മാവുകൾ വിദേശത്ത് നിന്നും എത്തിച്ച വ്യത്യസ്ഥങ്ങളായ മുപ്പത്തിയഞ്ചിൽ അധികം ഫലവൃക്ഷങ്ങളും ഇവിടെ കാണാം. അര ഏക്കർ സ്ഥലത്ത് നൂറോളം മംഗോസ്റ്റീൻ തൈകളും നട്ടുപിടിപ്പിച്ചിരിക്കുകയാണ്. എണ്ണൂറോളം നല്ലയിനം കുള്ളൻ കവുങ്ങ് തൈകളും പരീക്ഷണാർത്ഥത്തിൽ നട്ടിട്ടുണ്ട്. തന്റെ പിൻഗാമികൾ വയലും, തെങ്ങും, കവുങ്ങും കൃഷി ചെയ്ത് ജീവിച്ചവരായിരുന്നു. അവരുടെ കൃഷിരീതിയിൽ ജൈവളത്തിനായിരുന്നു പ്രാധാന്യം. ഇദ്ദേഹവും തിരഞ്ഞെടുത്തത് ജൈവ രീതിയിലുള്ള കൃഷി തന്നെയാണ്.