ഓർമ്മശക്തിക്ക് ഒറ്റമൂലിയുണ്ടോ എന്ന് ചോദിക്കുന്നവർ ധാരാളമുണ്ട്. പഴയതുപോലെ ഒന്നും ഓർമ്മ കിട്ടുന്നില്ലെന്ന് തോന്നുന്നവരും, നന്നായി പഠിക്കാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും ഓർമ്മശക്തി കൂട്ടണമെന്ന് വിചാരിക്കുന്നവരും എളുപ്പ വിദ്യയിലൂടെ അത് കൂട്ടിയെടുക്കാൻ ശ്രമിക്കാറുണ്ട്. അതിനായി മരുന്നുകൾ പലത് മാറിമാറി പരീക്ഷിച്ചിട്ടില്ലാത്തവർ വിരളമാണ്.
ബുദ്ധിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. കാര്യങ്ങൾ ശരിയായി മനസിലാക്കുന്നതിനുള്ള കഴിവ്, അതനുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള കഴിവ്, ഒരിക്കലുണ്ടായ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ്ടും ഓർമ്മിക്കുവാനുള്ള കഴിവ് എന്നിവയാണ് അവ. അതിനാൽ ഇവ മൂന്നും ചേർന്നതാണ് ബുദ്ധിയെന്നും ഓർമ്മശക്തി മാത്രമായി വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും മനസ്സിലാക്കണം.
ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ വിജ്ഞാനമാണ് വേണ്ടത്. ശരിയും തെറ്റും ആപേക്ഷികമാണല്ലോ? അതുകൊണ്ട് തന്നെ അവ മനസ്സിലാക്കുന്നതിന് വലിയ പരിശ്രമം ആവശ്യമാണ്. ഒരിക്കൽ വായിച്ചതും മനസിലാക്കിയതും വീണ്ടും വീണ്ടും ആവർത്തിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നവ മാത്രമേ നല്ല പരിചയത്തോടെ നിലനിൽക്കൂ. അല്ലാത്തവ ഓർമ്മിക്കാൻ സാധിക്കുമെങ്കിലും കൃത്യത ഉണ്ടാകാറില്ല. വളരെ ക്ഷീണിച്ചിരിക്കുമ്പോഴും ആവർത്തിക്കാതെയും പ്രധാനപ്പെട്ട കാര്യങ്ങൾ നോട്ടു കുറിക്കാതെയും പഠിച്ചാൽ പിന്നീട് അവയെ വ്യക്തതയോടെ ഓർത്തെടുക്കാൻ സാധിക്കില്ല. പരിചയമുള്ള പലതിനോടും ബന്ധപ്പെടുത്തി പഠിക്കുന്നവർക്ക് കൂടുതൽ വ്യക്തത ലഭിക്കും.ഇന്ന് പഠിച്ചവ തന്നെ നാളെയും ഒരാഴ്ച കഴിഞ്ഞും ഒരു മാസം കഴിഞ്ഞും ആറുമാസം കഴിഞ്ഞും ആവർത്തിക്കുന്നവർക്കാണ് പഠിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നത്.
വിദ്യാർത്ഥികൾ അറിയാൻ
രാത്രി ഏറെനേരം ഉറക്കമിളയ്ക്കുന്നത് ആരോഗ്യത്തെയും ദഹനത്തെയും പഠനത്തെയും ബാധിക്കും. വൈകി ഉറങ്ങുന്നവർക്ക് വെളുപ്പിന് എഴുന്നേൽക്കാൻ കഴിയില്ല. എഴുന്നേറ്റാൽതന്നെ ഉറക്കം തൂങ്ങിയിരിക്കും. രാത്രിയിൽ മൂന്നു മണിക്കൂർ കൊണ്ട് പഠിക്കുന്ന കാര്യങ്ങൾ ബ്രാഹ്മമുഹൂർത്തത്തിൽ ഒരു മണിക്കൂർ കൊണ്ട് സ്വായത്തമാക്കാനാകും.
രാവിലെ സൂര്യൻ ഉദിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗം ബ്രാഹ്മ മുഹൂർത്തത്തിൽ തന്നെ ഉണരുക എന്നതാണ്. ഉണർന്നാലുടൻ ശരീരമൊട്ടാകെ കൈ കൊണ്ട് തടവി ഉണർത്തി നിവർന്നും കുനിഞ്ഞും ചരിഞ്ഞുമൊക്കെ ചെറിയ വ്യായാമം ചെയ്ത് പല്ലുതേച്ച് കണ്ണും മുഖവും നന്നായി കഴുകി ശരീരഭാഗങ്ങൾ ഒക്കെ ഊർജസ്വലമാക്കി ഇരുന്നാൽ ബുദ്ധി ഉണർന്ന് പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകും. പഠിച്ച കാര്യങ്ങൾ മറ്റൊരാളോട് പറഞ്ഞു പരിചയിക്കണം. അപ്പോൾ മാത്രമേ എത്രമാത്രം നന്നായും ശരിയായും പറയാൻ സാധിക്കൂവെന്നും എന്തെല്ലാം മറന്നുപോയെന്നും മനസ്സിലാകൂ. മനസ്സിലാക്കിയ കാര്യങ്ങൾ ശരിയായി നടപ്പിലാക്കാൻ അതീവ ജാഗ്രത വേണം. പ്രായോഗികക്ഷമത വർദ്ധിപ്പിക്കുവാൻ ഇത് അനിവാര്യമാണ്.
ഒരു വ്യക്തിയുടെ മൊത്തം പ്രകടനം അവരുടെ അറിവിനെയും പ്രവർത്തനമികവിനെയും മനോഭാവത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ കാര്യങ്ങൾ കൃത്യതയോടെ ചെയ്ത് പരിചയിക്കുന്ന ഒരാൾക്ക് മാത്രമേ മാനസികസമ്മർദ്ദമില്ലാതെയും കുറഞ്ഞ സമയം കൊണ്ടും അമിതാദ്ധ്വാനമില്ലാതെയും അവയൊക്കെ വീണ്ടും ചെയ്യുവാൻ കഴിയൂ.
ഒരിക്കൽ സംഭവിച്ച നല്ലതും മോശവുമായ കാര്യങ്ങൾ ആവശ്യമുള്ളപ്പോൾ
വീണ്ടും ഓർത്തെടുക്കാൻ സാധിക്കണം.എങ്കിൽ മാത്രമേ ശരിയായി ചെയ്തത് കാരണമുണ്ടായ വിജയം ആവർത്തിക്കാനും തെറ്റായിപ്പോയതുകൊണ്ടുള്ള പരാജയങ്ങൾ ഒഴിവാക്കാനും സാധിക്കൂ.
ശ്രദ്ധിക്കാൻ
പഠനത്തിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം. പഠനത്തിൽ കൗതുകം ഉള്ളവരാകണം ഉയർന്ന ലക്ഷ്യബോധം വേണം.
നല്ല ഭാവി മനസ്സിൽ കണ്ട് അതനുസരിച്ച് പഠിക്കണം. മറ്റുള്ളവർ നന്നായി പഠിക്കുന്നത് കണ്ട് അസൂയ കാണിക്കരുത്. എന്നാൽ, സമർത്ഥമായി കൂടുതൽ പ്രയത്നിക്കണം. മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നതും, പങ്കുവയ്ക്കുന്നതും അറിവിനെ ഇരട്ടിപ്പിക്കും.
ഒരേ സാധനങ്ങൾ സ്ഥിരമായി ഒരിടത്തുതന്നെ വയ്ക്കുക. ആവശ്യത്തിനെടുത്ത് ഉപയോഗിച്ചശേഷം വീണ്ടും യഥാസ്ഥാനത്തു തന്നെ വയ്ക്കുക.
കുടങ്ങൽ അഥവാ മുത്തിൽ, ബ്രഹ്മി തുടങ്ങിയവ ബുദ്ധിവർദ്ധകമാണ്. തോരൻ, ചമ്മന്തി തുടങ്ങിയവയായും ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം.
ബ്രഹ്മിഘൃതം,സാരസ്വതഘൃതം ,സാരസ്വതാരിഷ്ടം തുടങ്ങിയവയും വൈദ്യ നിർദ്ദേശമനുസരിച്ച് ഉപയോഗിച്ചാൽ ബുദ്ധിശക്തി വർദ്ധിക്കും.