colours

മലയാളത്തിലെ പ്രശസ്ത സംവിധായകൻ നിസാർ ഒരുക്കുന്ന ' കളേഴ്സ് ' എന്ന ആദ്യത്തെ തമിഴ് സിനിമയുടെ ടീസർ തമിഴ് നടൻ സേതുപതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ' കളേഴ്സ് '. റാം കുമാർ, വരലക്ഷ്മി ശരത്കുമാർ, ഇനിയ,വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊട്ട രാജേന്ദ്രൻ, ദേവൻ, തലൈവാസൽ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹൻ, മദൻ കുമാർ, രാമചന്ദ്രൻ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു. ലൈം ലൈറ്റ് പിക്‌ച്ചേഴ്സിന്റെ ബാനറിൽ അജി ഇടിക്കുള നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണം ഒരുക്കുന്നു. വൈരഭാരതി എഴുതിയ വരികൾക്ക് എസ്.പി വെങ്കിടേഷ് സംഗീതം പകരുന്നു. ചങ്ങനാശേരി, കോട്ടയം, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. പി.ആർ.ഒ: എ.എസ് ദിനേശ്.