thanalmaram-murichumattun

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണത്ത് അൻപതു വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ വാക മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. സംഭവ സമയം റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാവിലെ 9.30 ഓടെയാണ് മരം കടപുഴകിയത്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കൊല്ലം ഭാഗത്തേക്ക് പോയി നിമിഷങ്ങൾക്കുള്ളിലാണ് മരം വീണത്. വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ, വർക്കല അഗ്നിശമനസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. കല്ലമ്പലം പൊലീസ് ഗതാഗതം നിയന്ത്രിച്ചു. കൊല്ലം ഭാഗത്തു നിന്നുള്ള വാഹനങ്ങളെ മണമ്പൂർ ആലംകോട് വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാവല്ല പുല്ലൂർമുക്ക് വഴിയും തിരിച്ചുവിട്ടു. കല്ലമ്പലം ദേശീയപാതയിൽ റോഡിന് ഭീഷണിയായി നിലകൊള്ളുന്ന മരങ്ങളെക്കുറിച്ച് ആഗസ്റ്റ്‌ 13 ന് 'തലയ്ക്കുമീതെ ദുരന്തവുമായി തണൽമരങ്ങൾ'എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. കല്ലമ്പലം പെട്രോൾ പമ്പിന് സമീപവും മറ്റും അപകടഭീഷണി ഉയർത്തി നിരവധി കൂറ്റൻ മരങ്ങളാണുള്ളത്. ഒരു ദുരന്തമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന്‌ നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.