1

പൂവാർ: കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജാണ് ഇന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറിയിരിക്കുന്നത്. തീരദേശ മേഖലയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരമാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെന്റർ പ്രവർത്തനം ആരംഭിച്ചത്.

കോട്ടുകാൽ, കരുംകുളം, പൂവാർ ഗ്രാമ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നതാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്. ഇവിടെ രോഗവ്യാപനം ഉണ്ടായ സാഹചര്യത്തെ അതിജീവിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, പഞ്ചായത്ത് വോളന്റിയേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പെയിനും അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ലോക്ക് ഡൗൺ കാലത്തും ഏരിയാ തിരിച്ചുള്ള കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ആഹാരവും അത്യാവശ്യ മരുന്നുകളും വീട്ടിലെത്തിക്കാൻ വേണ്ടുന്ന നടപടി സ്വീകരിച്ചു. എന്നാൽ തീരദേശവുമായി നിരന്തര സമ്പക്കം അനിവാര്യമായ ഗ്രാമ പഞ്ചായത്ത് ആയതിനാൽ രോഗ വ്യാപനത്തെ നിയന്ത്രിക്കാൻ തുടക്കത്തിൽ കഴിയാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്.

കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്കു വഹിക്കാൻ കാഞ്ഞിരംകുളം ഗവ. കോളേജിനായിട്ടുണ്ടെങ്കിലും അതിന്റെ വികസനം വഴിമുട്ടി നിൽക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലപരിമിതി കോളേജിന്റെ വികസന പ്രവർത്തനത്തെ മുന്നോട്ടു പോകാൻ അനുവദിക്കുന്നില്ല. ഈ കേളേജിന്റെ യൂണിവേഴ്സിറ്റി അഫിലിയേഷൻ തുടരാൻ കഴിയാത്ത സ്ഥിതിയുണ്ട്. യൂണിവേഴ്സിറ്റി നിയമപ്രകാരം ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിക്കാൻ കുറഞ്ഞത് 5 ഏക്കർ ഭൂമി വേണമെന്നാണ്.

ഹോസ്റ്റൽ ഇല്ലാത്തത് കാരണം ദൂരസ്ഥലങ്ങളിലെ കുട്ടികൾ ഇവിടേക്ക് വരുന്നില്ല. പ്ലേഗ്രൗണ്ട് ഇല്ലാത്തതിനാൽ കായിക രംഗത്തുള്ള വിദ്യാർത്ഥികളും വിഷമത്തിലാണ്. വികസനം സാദ്ധ്യമാകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.