തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന നഗരസഭയുടെ ടാങ്കർ ലോറികൾ ഉടമകൾക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. കൃത്യമായ ഓട്ടവും ലോഡും കിട്ടാതെ വന്നപ്പോഴാണ് ഉടമകൾ പരാതിയുമായി കോടതിയെ സമീപിച്ചത്. ഫെബ്രുവരിയിലാണ് നഗരപരിധിയിൽ കുടിവെള്ളം സ്വകാര്യമായി നൽകിയിരുന്ന ടാങ്കർ ലോറികൾ നഗരസഭയുടെ കീഴിൽ പ്രവ‌ർത്തിക്കണമെന്ന ബൈല നടപ്പാക്കിയത്. തുടർന്ന് 100 ടാങ്കർ ലോറികൾ നഗരസഭയുടെ കീഴിലായി. ഈ ലോറികൾ സ്വന്തമായി കുടിവെള്ളമെത്തിക്കരുതെന്നും നഗരസഭയുടെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി ലഭിക്കുന്ന ബുക്കിംഗിന് മാത്രമേ വെള്ളമെത്തിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശം നൽകി. 18,​000 കിലോലിറ്റർ വെള്ളമെത്തിക്കുന്നതിന് ഉടമകൾ 3000 രൂപയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. എന്നാൽ നഗരസഭ ഈടാക്കുന്നത് 3280 രൂപയാണ്. 280 നഗരസഭയ്ക്ക് ലഭിക്കും. ഒരു ദിവസം 5 ലോ‌ഡുകൾ നൽകാമെന്ന ഉറപ്പിലാണ് നഗരസഭ ലോറികളുമായി കരാറായത്. ശാസ്‌തമംഗലത്തുള്ള കമ്പനിയാണ് ലോറികളെ നഗരസഭയ്ക്കുവേണ്ടി കരാറെടുത്തിരിക്കുന്നത്. ആദ്യം നഗരസഭയിൽ നിന്ന് മൂന്ന് ലോഡുകൾ കിട്ടിയെങ്കിലും ക്രമേണ ആഴ്ചയിൽ ഒന്നുമാത്രമായി ലോഡുകൾ ചുരുങ്ങിയെന്നാണ് ലോറി ഉടമകൾ പറയുന്നത്. ലോഡുകൾ കുറഞ്ഞതോടെ ലോണെടുത്ത് ലോറികൾ വാങ്ങിയവർ ബുദ്ധിമുട്ടിലായി. മേയറോടും ഉദ്യോഗസ്ഥരോടും ഇക്കാര്യം സൂചിപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയിൽ പരാതി നൽകിയത്. നഗരസഭയുടെ ബൈല അന്വേഷിച്ച് റദ്ദാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നാല് ആഴ്ചത്തെ സമയവും ഹൈക്കോടതി നൽകി. എന്നാൽ സ്വകാര്യമായി വെള്ളമെടുക്കുന്നത് തടസപ്പെടുത്താൻ നഗരസഭയിലെ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതായി ഉടമകൾ ആരോപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് നഗരസഭയുടെ തീരുമാനം.