ravi

ഓർക്കുളം (കാസർകോട്): ആറിൽക്കടവ് പാലം നിർമ്മാണത്തിനായി ബണ്ട് കെട്ടി മദ്ധ്യഭാഗത്തെ ഒഴുക്ക് തടഞ്ഞതോടെ പുഴക്കരയിലെ വീടുകൾ തകരുന്നു. തീരദേശം മുഴുവൻ അപായ ഭീതിയിലാണ്. ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തി ഓർക്കുളം ഭാഗത്ത് താമസിക്കുന്നവരാണ് അപകട ഭീഷണിയിൽ കഴിയുന്നത്. എരിഞ്ഞിക്കീൽ പാലത്തിന് സമീപം താമസിക്കുന്ന എ. രവിയുടെ വീടിന്റെ ഒരു ഭാഗം മുഴുവൻ തകർന്നു. ഒഴുക്ക് കാരണം വീട് ഏത് സമയത്തും പുഴ എടുക്കുമെന്ന അവസ്ഥയിലാണ്.

വീടിനോട്‌ ചേർന്ന ഷെഡും പറമ്പിലെ മണ്ണും ഒലിച്ചുപോയി. 15 വർഷമായി എരിഞ്ഞിക്കീൽ ഭാഗത്ത് താമസിക്കുന്ന രവിയുടെ ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന ഷെഡും തകർന്നു. പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്ലാബ് ഇടാൻ മണ്ണുനിറച്ച് പുഴയ്ക്ക് കുറുകെ ബണ്ട് കെട്ടിയിരുന്നു. കോൺക്രീറ്റ് പൂർത്തിയായ ഭാഗത്ത് ബണ്ടിനായി കൂട്ടിയിട്ട മണ്ണ് കാലവർഷം ശക്തിപ്രാപിച്ചിട്ടും നീക്കം ചെയ്യാത്തതാണ് തീരപ്രദേശത്തെ കുടുംബങ്ങളെ ഭീഷണിയിലാക്കിയത്.

തീരത്തെ സ്ഥലം മുഴുവൻ ഒലിച്ചുപോയിട്ടുണ്ട്. രവിയും ഭാര്യ ഉഷയും ചേർന്ന്‌ ഹോട്ടൽ നടത്തിയിരുന്നതാണ്. ഇവരുടെ ദുരിതം കണ്ടറിഞ്ഞു വീട്ടിലേക്ക് വെള്ളം അടിച്ചു കയറുന്നത് തടയാൻ പാലത്തിന്റെ പണിയെടുക്കുന്ന തൊഴിലാളികൾ ഷെഡ് വീണ്ടും വളച്ചു കെട്ടി കൊടുത്തെങ്കിലും അതും അധികസമയം നീണ്ടുനിന്നില്ലെന്ന് പറയുന്നു. തൊട്ടടുത്ത നാരായണന്റെ വീടും അപകടത്തിലാണ്.


ബൈറ്റ്

ഹോട്ടലിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. അതാണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയത്. എല്ലാവരും വന്നുനോക്കിപോയിട്ടുണ്ട്. സഹായിക്കാൻ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല .പാലത്തിന്റെ കരാറുകാരനെ ബന്ധപ്പെട്ടു. ഷെഡ് വീണ്ടും പണിയുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത്.

എ. രവി

(എരിഞ്ഞിക്കീൽ)