1950 കളുടെ ഒടുവിൽ വന്ന് 80 കളുടെ ആരംഭം വരെ മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായിരുന്ന നടി കെ.വി.ശാന്തി എന്ന ശാന്തി ചെന്നൈയിൽ നിര്യാതയായി. ശാന്തി ഒരു മികച്ച നടിയായിരുന്നു. പൊക്കക്കുറവും തടിച്ച ശരീര പ്രകൃതിയുമാകാം അവർ വലിയൊരു നായിക പദവിയിലെത്തുന്നതിന് വിഘാതമായത്. എന്നാൽ ഉപനായികയെന്ന നിലയിൽ അടുപ്പം തോന്നുന്ന മുഖമായിരുന്നു ശാന്തിയുടേത്.കോട്ടയം സംക്രാന്തിയിലായിരുന്നു ജനനം.തമിഴ് ,തെലുങ്ക് സിനിമകളിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്ക് വന്നത്.
മെരിലാൻഡ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളിയിൽ മികച്ച വേഷമായിരുന്നു ശാന്തിക്ക്. പ്രേംനസീറിനൊപ്പമായിരുന്നു ആ കഥാപാത്രം.മെരിലാൻഡ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചതെന്നതിനാൽ മെരിലാൻഡ് ശാന്തി എന്നാണ് അറിയപ്പെട്ടിരുന്നത്. പുത്രി എന്ന ചിത്രത്തിൽ മധുവിന്റെ നായികയായിരുന്നു.ജയിൽപ്പുള്ളി മുതൽ കാമം ക്രോധം മോഹം വരെ അനവധി ചിത്രങ്ങൾ.അക്കൽദാമ, കാട് ,സ്നാപകയോഹന്നാൻ,ആന വളർത്തിയ വാനമ്പാടി,കടൽ,മറിയക്കുട്ടി ,ഹോട്ടൽ ഹൈറേഞ്ച് ,അദ്ധ്യാപിക,ഡോക്ടർ തുടങ്ങി 55 ചിത്രങ്ങൾ.വിഖ്യാത നർത്തകൻ ഉദയശങ്കറിന്റെ നൃത്തട്രൂപ്പിൽ അംഗമായിരുന്നു ശാന്തി. പിൽക്കാലത്ത് അഭിനയ രംഗത്തേക്ക് വരികയായിരുന്നു. മിസ് കുമാരിയോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മെരിലാൻഡ് സ്റ്റുഡിയോ ക്വാർട്ടേഴ്സിലായിരുന്നു താമസം. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴാണ് ശാന്തി വീണ്ടും ചെന്നൈയിലേക്ക് പോയത്.ഒരു കാലഘട്ടത്തിൽ ശ്രദ്ധേയയായിരുന്നു ശാന്തി.