publicity

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണവും ഓൺലൈന് വഴിമാറുന്നു. ജന സമ്പർക്കം കുറയ്ക്കുന്നതിന് കർശന മാർഗനിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന രാഷ്‌ട്രീയ പാർട്ടികളുടെ സർവകക്ഷി യോഗത്തിൽ നിർദ്ദേശങ്ങളുടെ കരട് പ്രതിനിധികൾക്ക് കൈമാറിയിരുന്നു. പാർട്ടികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.

സമ്പർക്കം കുറച്ച് വോട്ടുചോദിക്കണമെന്നാണ് പ്രധാന നിർദ്ദേശം. പ്രചാരണത്തിന് ഓൺലൈൻ പ്രോത്സാഹിപ്പിക്കണം. അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളുടെ സഹായം ഉപയോഗിക്കാം. നോട്ടീസ്, ലഘുലേഖകൾ എന്നിവ പരമാവധി ഒഴിവാക്കണം. ഇതിലൂടെ സമ്പർക്കം പരമാവധി ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ആഡംബരത്തോടെയുള്ള പ്രചാരണം ഒഴിവാക്കണം. ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ തുടങ്ങിയവ നൽകിയുള്ള സ്വീകരണം പാടില്ല. ജാഥ, ആൾക്കൂട്ടം, കലാശക്കൊട്ട് എന്നിവ ഒഴിവാക്കണം. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഫലപ്രഖ്യാപനം വരെ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കണം.

മറ്റു നിർദേശങ്ങൾ

ഭവന സന്ദർശനത്തിന് പരമാവധി 5 പേർ

വീട്ടിൽ പ്രവേശിക്കരുത്

റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ

തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധനയ്ക്ക് 30 പേർ

പാർട്ടികളുടെ ജില്ലാതല യോഗത്തിൽ പരമാവധി 40 പേർ

വരണാധികാരി യോഗങ്ങൾ വിളിക്കുമ്പോൾ 30 പേരിൽ കൂടരുത്

കൊവിഡ് സ്ഥിരീകരിച്ചാലും പത്രിക നൽകാം

സ്ഥാനാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചാലോ പോസിറ്റീവോ ക്വാറന്റീനിലോ കഴിയുകയാണെങ്കിൽ നാമനിർദേശ പത്രിക അദ്ദേഹം നിർദ്ദേശിക്കുന്നയാൾക്ക് സമർപ്പിക്കാം. ആവശ്യമെങ്കിൽ പത്രിക സമർപ്പിക്കുന്നതിനു മുൻകൂർ സമയം അനുവദിക്കും. പത്രിക സമർപ്പിക്കാൻ വരുമ്പോൾ ഒരു വാഹനം മാത്രമേ പാടുള്ളൂ. വരണാധികാരി കൈയുറയ്ക്കു പുറമേ ഫേസ് ഷീൽഡും ധരിക്കണം. പത്രിക സ്വീകരിച്ച ശേഷം സാനിറ്റൈസർ ഉപയോഗിക്കണം. പത്രിക സമർപ്പിക്കാൻ വരുന്ന മറ്റുള്ളവർക്ക് കാത്തിരിപ്പിന് സ്ഥലമൊരുക്കും.

ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ കൊവിഡ് മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പിനും ബാധകമായിരിക്കും.

- വി. ഭാസ്കരൻ,

സംസ്ഥാന ഇലക്‌ഷൻ കമ്മിഷണർ