കല്ലമ്പലം: ദേശീയപാതയിൽ ആഴാംകോണത്ത് മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടതോടെ കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗ്രാമീണമേഖലയിലെ ഇടറോഡ് വഴി തിരിച്ചുവിട്ടതോടെ നാട്ടുമ്പുറത്തെ ശ്വാനസംഘം ഇളകി. വല്ലപ്പോഴും ഒരു വാഹനം കടന്നുപൊയ്ക്കൊണ്ടിരുന്ന നാട്ടുമ്പുറത്തെ റോഡിലൂടെ തുരുതുരാ വാഹനങ്ങൾ കടന്നുപോയപ്പോൾ സംഘം ജാഗ്രതയിലായി. വാഹനത്തിന്റെ കൂടെ ഓടിയും കുരച്ചു ചാടിയും തളർന്ന നായ്ക്കൂട്ടം ഒടുവിൽ മതിലിനു മുകളിലും മറ്റും സ്ഥാനം പിടിച്ചു. പാവല്ല സ്കൂളിന് സമീപം റോഡിൽ ആർക്കും പ്രത്യേകിച്ച് ശല്യമൊന്നും ഇല്ലാതെ വിരഹിച്ചിരുന്ന നായ്ക്കൂട്ടമാണിവ.
ദേശീയ പാതയിൽ തിരികെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ ഇട റോഡിൽ തിരക്ക് ഒഴിഞ്ഞു. അതോടെ ശ്വാന സംഘവും തിരികെ പോയി. രസകരമായ സംഭവം തുടക്കം മുതൽ ശ്രദ്ധയോടെ വീക്ഷിച്ച് പൊതുപ്രവർത്തകനും ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കല്ലമ്പലം ലാലി ഫോട്ടോകൾ പകർത്തിയിരുന്നു.