alzaimers

നമുക്ക് ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഓർമ്മകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് അവ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓർമ്മകൾ നശിച്ചു പോകുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധിയാണ്.

ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് സ്‌മൃതിനാശം എന്ന് പറയുന്നത്. ലോകത്തിൽ ആകമാനം 44 ദശലക്ഷം പേർക്ക് അൽശിമേഴ്‌സ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് 4 ദശലക്ഷത്തിനു അടുത്ത് വരും.

തലച്ചോറിൽ നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ഹൈപ്പോ കാംപസ് എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഇവിടെയുള‌ള കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് സ്‌മൃതിനാശത്തിന് കാരണമാകുന്നത്. പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിനു ഏൽക്കുന്ന ക്ഷതങ്ങൾ, സ്‌ട്രോക്ക്, വിറ്റാമിന് ബി 12 പോലെയുള‌ള വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ ഇതിന് കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായധിക്യം മൂലം ഓർമ്മകോശങ്ങൾ നശിച്ചു പോകുന്ന അഴ്സിമേഴ്സ് രോഗമാണ്.

പ്രായം കൂടുന്നത് അനുസരിച്ചു അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷിമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതിരക്ത സമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം, ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

65 നു മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റും. എന്നാൽ അൽഷിമേഴ്സ് രോഗത്തിന്റെ തുടക്കമാണേൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല. ആദ്യം സാധനങ്ങൾ എവിടെ വച്ചു എന്നത്, അകന്ന പരിചയത്തിലുള്ളവരുടെ പേരുകൾ ഒക്കെ ആയിരിക്കും മറന്നു പോകുന്നത്. അത് പോലെ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടു നിൽക്കും.

രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപെടുവാനും ഇവർക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തിയ്ക്കു ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ടു ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാകുകയും ചെയുന്നു. അവർക്കു പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടു നേരിടുകയൂം പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകകയും ചെയുന്നു.സ്വന്തം വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ ഒരു രണ്ടാം ഘട്ടം എട്ടു തൊട്ടു പത്തു വർഷം വരെ നീണ്ടു നിൽക്കും.

മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമ്മകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്ഥിത്വം വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താല്പര്യം കുറയുകയും പോഷണക്കുറവ് ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവ് വരുത്തുകയും അടിക്കടി ഉള്ള അണുബാധ മരണത്തിനു കാരണം ആകുകയും ചെയ്യുന്നു.

ചികിത്സ

പൂർണമായുംഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല അൽഷിമേഴ്സ്‌. എന്നാൽ വളരെനേരത്തെ തന്നെരോഗനിർണയം നടത്തിയാൽ ഈരോഗത്തിന്റെ തീവ്രത കുറയ്‌ക്കാൻ സഹായിക്കും. പ്രധാനമായുംരോഗലക്ഷണങ്ങൾ വെച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉയോഗിച്ചുമാണ്‌ രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സി.ടി അല്ലെങ്കിൽ എം.ആർ.ഐ സ്‌കാനും ചെയ്യേണ്ടതായി വരും. അൽഷിമേഴ്സ്‌ രോഗം ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമ്മ ശക്തി കൂട്ടുന്നതിന്‌ വേണ്ടിയുള്ള മരുന്നുകൾ

ഡോക്‌ടറുടെ നിർദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും,പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന്‌വേണ്ടിയുള്ള വിനോദങ്ങളും ക്രോസ്‌വേഡ് പസിൽസ്, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായാമത്തിനുള്ള കളികളും ഓർമശക്തി കൂട്ടാൻ സഹായിക്കും.. നിത്യേന ഡയറിയിൽ സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം.രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവർ അടിയ്ക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് വളരെ അധികം ബുദ്ധിമുട്ടു ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം.രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സാ നൽകേണ്ടതുമാണ്.

സാധാരണയായി പ്രായമേറിയവരിൽ ആണ് മറവിരോഗം കാണുന്നതെങ്കിലും എപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക, സമൂഹവുമായി ഇടകലർന്നു ജീവിക്കുക, അർത്ഥവത്തായ സംവാദങ്ങളിൽ എർപ്പെടുക. ഇവയൊക്കെ ഓർമ്മശക്തി കൂടുവാൻ സഹായിക്കും. വളരെ അപൂർവമായി പാരമ്പര്യമായ അൽഷിമേഴ്സ്‌ രോഗം ചെറുപ്പക്കാരിൽ കാണപ്പെടുന്നു.

ഡോ. സുഷാന്ത് എം.ജെ. എംഡി, ഡിഎം
ന്യൂറോളജി കൺസൾട്ടന്റ്
എസ്.യു.ടി ഹോസ്‌പിറ്റൽ, പട്ടം