തിരുവനന്തപുരം: കൊവിഡ് കാലത്തും കേരള ഭാഗ്യക്കുറി വിൽപ്പനയിൽ കുതിപ്പ്. 44.1 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബമ്പറിൽ വിറ്റത്. കൊവിഡായതിനാൽ വിൽപ്പന കുറയുമോ എന്ന ആശങ്കയിൽ ഓണ ബമ്പർ നാല് ഘട്ടങ്ങളിലായാണ് അച്ചടിച്ചത്. കഴിഞ്ഞവർഷം തിരുവോണം ബമ്പറിൽ വിറ്റത് 46 ലക്ഷം ടിക്കറ്റുകളായിരുന്നു. റെക്കാഡ് വിൽപ്പന നടന്നത് 2017ലായിരുന്നു. 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 1967 ലാണ് കേരള ഭാഗ്യക്കുറി തുടങ്ങിയത്. അന്ന് രണ്ട് കോടിയായിരുന്നു വിറ്റുവരവ്. പിന്നെ വർഷം തോറും വിറ്റുവരവും ലാഭവും കൂടിവരികയായിരുന്നു. കോടികളാണ് ലോട്ടറിയിലൂടെ സർക്കാരിന് ലാഭം കിട്ടിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് പണം കണ്ടെത്തുന്ന മുഖ്യ സ്രോതസായും ലക്ഷത്തിലധികം വരുന്ന റീട്ടെയിൽ വില്പനക്കാരുടെ മുഖ്യ വരുമാനമാർഗമായും കേരള സംസ്ഥാന ഭാഗ്യക്കുറി മാറി.