തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റ മട്ടന്നൂർ നടുവനാട് നെടിയന്തിരത്ത് സന്ദർശനത്തിനെത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കാറായതോടെ ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയിരിക്കുകയാണ് സി.പി.എം. ബോംബ് നിർമ്മാണം കണ്ടെത്തുന്നതിലും ഉത്തരവാദികളെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസിന് തികഞ്ഞ അലംഭാവമാണ്. സി.പി.എം ഇക്കാര്യത്തിൽ നേരിട്ട് പൊലീസിനെ നിയന്ത്രിക്കുന്ന അവസ്ഥയാണ്.
ബോംബ് സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കാനെത്തിയ ഡി.സി.സി പ്രസിഡന്റുൾപ്പെടെയുള്ളവരെ സി.പി.എം സംഘം ആക്രമിക്കുമ്പോഴും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. സി.പി.എമ്മിന്റെ ബോംബ് സംസ്കാരത്തിനെതിരെ ശക്തമായ പ്രതിരോധം കോൺഗ്രസിന്റെയും ജനാധിപത്യവിശ്വാസികളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.