രണ്ട് നിർദേശങ്ങളിലൊന്ന് സ്വീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരത്തിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച രണ്ട് നിർദേശങ്ങളിലൊന്ന് സ്വീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് അടുത്തവർഷം ജൂൺ 22വരെ നഷ്ടപരിഹാരം കിട്ടില്ലെന്ന കേന്ദ്ര നിലപാട് കേരളത്തിന് കനത്ത തിരിച്ചടിയാവും.
നിർദേശങ്ങൾ ഇവയാണ്: ഒന്ന് - ജി.എസ്.ടിയിൽ കുറവുവന്ന 97,000 കോടി രൂപ കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകും. ബാക്കിത്തുക സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ വിൻഡോ വഴി കടമെടുക്കണം. പലിശയും മുതലും ഭാവിയിലെ സെസിൽ നിന്ന് നൽകാം. ഇതിനെ ധനകമ്മിഷനും മറ്റും വായ്പയിൽപ്പെടുത്തില്ല.
രണ്ട് - കേന്ദ്രത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവായ 2.35 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങൾ വായ്പയെടുക്കുക. പലിശ സംസ്ഥാനങ്ങൾ നൽകണം. മുതൽ സെസിൽ നിന്ന് നൽകും. രണ്ട് നിർദേശങ്ങളും തങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളുടെ നിലപാട്. കേന്ദ്ര-സംസ്ഥാന തർക്കമാക്കി ഇതിനെ മാറ്റാൻ, കേരളം മുൻകൈയെടുത്ത് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. പോണ്ടിച്ചേരി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.
ഇതുവരെ 21 സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ആദ്യ നിർദേശം സ്വീകരിച്ചു. കേന്ദ്രം മുഴുവൻ വായ്പയുമെടുക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ബംഗാൾ, പുതുച്ചേരി, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളാണ്.