water

പാലോട്: ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം ജനങ്ങളിലെത്തിക്കണം എന്ന ലക്ഷ്യത്തോടെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന എൻ.കെ. പ്രേമചന്ദ്രൻ 2009 ൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയ 60 കോടിയുടെ നന്ദിയോട് ,ആനാട് കുടിവെള്ള പദ്ധതി പതിനൊന്ന് വർഷമായിട്ടും പൂർത്തിയാകാത്ത സാഹചര്യത്തെ തുടർന്ന് മാദ്ധ്യമ വാർത്തകളുടെയും സമരപരമ്പരകളുടെയും ഫലമായി വീണ്ടും പുതുജീവൻ. 16 കോടി രൂപ കൂടി സർക്കാർ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ മാസം 30ന് ടെൻഡർ ഓപ്പൺ ചെയ്യുന്നതോടെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മൂന്നു ഘട്ടങ്ങളിലായാണ് ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ. ഒന്നാം ഘട്ടത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആനക്കുഴിയിൽ പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 15 സെൻ്റ് സ്ഥലത്ത് പത്ത് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മിക്കും. കൂടാതെ 630 കെ.വി, 250 കെ.വി. കപ്പാസിറ്റിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. കൂടാതെ നന്ദിയോട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിന് 63 കിലോമീറ്റർ ഗാർഹിക ശുദ്ധജല പൈപ്പുകളും സ്ഥാപിച്ച് കുടിവെള്ളമെത്തിക്കും ഇതോടെ നന്ദിയോട് പഞ്ചായത്തിലെ 90 ശതമാനം കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.പാലോട്ടെ പമ്പിംഗ് സ്ഥലത്ത് 80 എച്ച്.പി പമ്പും ഇതോടൊപ്പം സ്ഥാപിക്കും. അടുത്ത രണ്ടു ഘട്ടങ്ങളിലായി ആലുങ്കുഴി, താന്നിമൂട്, ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടക്കും.നിലവിൽ സ്റ്റോറേജ് പ്ലാൻറ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ് മിക്സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പാലോട്ടെ പമ്പ് ഹൗസ് നിർമ്മാണവും പൂർത്തിയായി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി ഇതോടൊപ്പം ഫണ്ട് അനുവദിച്ചിട്ടുണ്ട്.