10 ദിവസത്തിനകം വീണ്ടും ചർച്ച
തിരുവനന്തപുരം: മലങ്കര സഭാത്തർക്കത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥതയിൽ ഇന്നലെ നടന്ന ചർച്ചയിൽ സമവായമായില്ല. ഇരു വിഭാഗങ്ങളുമായി വെവ്വേറെയായിരുന്നു ചർച്ച. വീണ്ടും ചർച്ചയ്ക്കുള്ള സന്നദ്ധത ഇരുപക്ഷവും അറിയിച്ചു. പത്ത് ദിവസത്തിനകം അടുത്ത ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനാധിപത്യരീതിയിൽ ഇടവകകളിൽ ജനഹിത പരിശോധന നടത്തണമെന്നാണ് രാവിലെ നടന്ന ചർച്ചയിൽ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് നടത്തിയ ചർച്ചയിൽ ഓർത്തഡോക്സ് വിഭാഗം ഇതിനുള്ള സാദ്ധ്യത തള്ളി. സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണ് പോംവഴിയെന്നവർ വ്യക്തമാക്കി.
യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ്, ബിഷപ്പുമാരായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരാണ് പങ്കെടുത്തത്. ഇടവകകളിൽ ജനഹിത പരിശോധന വേണമെന്നും, അതിന്റെ വെളിച്ചത്തിൽ രണ്ട് സഹോദരസഭയായി മുന്നോട്ട് പോകാനുള്ള ക്രമീകരണമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓർത്തഡോക്സ് സഭയെ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ബിഷപ്പുമാരായ ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവരാണ് പ്രതിനിധീകരിച്ചത് സുപ്രീം കോടതി വിധിക്കകത്ത് നിന്നുകൊണ്ടല്ലാതെ മറ്റ് വഴികളിലൂടെ പ്രശ്നപരിഹാരം സാദ്ധ്യമല്ലെന്ന് ഡോ. തോമസ് മാർത്താനാസിയോസ് പറഞ്ഞു. പള്ളി പങ്കിടൽ നിർദ്ദേശത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നാണ് അവരുടെ നിലപാട്. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി തന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇരു സഭകളും സ്വീകരിച്ചു.