veed

കാട്ടാക്കട: ശക്തമായ മഴയിൽ തോട്ടിലൂടെയുള്ള ജലമൊഴുക്കിന്റെ ശക്തിയിൽ സൈഡ് വാൾ ഇടിഞ്ഞ് സമീപത്തെ വീട് തകർന്നു. കാട്ടാക്കട കാഞ്ചിയൂർകോണം വാനറത്തല കിഴക്കേക്കര പൊയ്കയിൽ വീട്ടിൽ കെ. കൃഷ്ണൻ നായരുടെ വീടിന്റെ ഒരുഭാഗമാണ്‌ തിങ്കളാഴ്ചയോടെ പൂർണമായും തകർന്നത്. മൂന്ന് വർഷമായി അപകടാവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കൃഷ്ണൻ നായരുടെ വീടിനോടു ചേർന്നൊഴുകുന്ന തോട്ടിൽ മഴയെ തുടർന്ന് വെള്ളം നിറഞ്ഞിരുന്നു.

ഇതോടെ പൊട്ടി പൊളിഞ്ഞിരുന്ന സൈഡ് വാൾ തോട്ടിലേക്ക് പൊളിഞ്ഞു വീണ് വീടിന്റെ അടിസ്ഥാനം ഇളകി. ഇപ്പോൾ ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് വീട്. വീടിന്റെ കിടപ്പ് മുറിയുടെ ഭിത്തി ഉൾപ്പടെ വീണ്ടു കീറി തകർന്ന അവസ്ഥയിലാണ്.

തോട് നവീകരണം നടന്ന സമയം മുതൽ അപകടാവസ്ഥ ചൂണ്ടി കാണിച്ചെങ്കിലും വീട്ടുകാരുടെ പരാതി ബന്ധപ്പെട്ടവർ അവഗണിച്ചു. പരാതിയുമായി കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, ഗ്രാമ സേവകൻ ഉൾപ്പടെയുള്ളവരുടെ പിറകെ നടന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കൃഷ്ണൻ നായരും ഭാര്യയും പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണിക്കെങ്കിലും സഹായിക്കണം എന്ന ഇവരുടെ അപേക്ഷ പഞ്ചായത്ത് അവഗണിക്കുകയായിരുന്നു.

ഇപ്പോൾ സൈഡ് വാൾ കൂടി തകർന്നതോടെ ഇനി അറ്റകുറ്റപ്പണി നടത്തി താമസിക്കാൻ കഴിയില്ല. ജീവഹാനി ഭയന്ന് സമീപത്തെ ഷെഡിലാണ് അസുഖ ബാധിതരായ ഈ വൃദ്ധ ദമ്പതികൾ അന്തിയുറങ്ങുന്നത്. പെട്ടി ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തുന്ന കൃഷ്ണൻ നായർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഓട്ടവും കുറവാണ്. ഇവരെ കൊണ്ട് ഇനിയൊരു വീട് നിർമ്മിക്കാനും കഴിയാത്ത സ്ഥിതിയാണ്. അടിയന്തര സഹായം ലഭ്യമാക്കി ഇവരെ പുനരധിവസിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികളും ആവശ്യപ്പെടുന്നു.